കിഴക്കമ്പലം: അതിർത്തി നിർമാണം തടസപ്പെടുത്തിയയാളെ അനുനയിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ക്രൂരമായി മർദിച്ചതായി പരാതി.
പുക്കാട്ടുപടി പൊക്കോടത്ത് കെ.പി. ബിനുവിനാണ് മർദനമേറ്റത്. പുക്കാട്ടുപടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ബിനുവിന്റെ വല്യച്ചന്റെ മകനായ സ്ഥലമുടമ ഗിരീഷ് തന്റെ വീടിന്റെ അതിർത്തി കെട്ടുന്നതിനിടെയാണ് സംഘർഷമുണ്ടായത്.
ഗിരീഷിന്റെ ജേഷ്ഠന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ ഉടമയായ പത്തനംതിട്ട സ്വദേശി ആദിത്താണ് നിർമാണ പ്രവർത്തനം തടസപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു.
ഗിരീഷിന്റെ അയൽവാസിയായ ആദിത്ത് നിർമാണം പൊളിച്ചു നീക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇതു തടയാനെത്തിയ തന്നെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നും ബിനു പറഞ്ഞു.
പരിക്കേറ്റ ബിനുവിനെ നാട്ടുകാരാണ് പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആക്രമണത്തെ സംബന്ധിച്ച് തടിയിട്ട പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് ബിനു പറഞ്ഞു.