കണ്ണൂർ: കീഴാറ്റൂർ ബൈപ്പാസിന്‍റെ അലൈൻമെന്‍റ് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസംഘത്തിന്‍റെ റിപ്പോർട്ട്. വയലുകളെയും തണ്ണീർത്തടങ്ങളെയും സംരക്ഷിച്ചാകണം ബൈപ്പാസ് നിർമിക്കേണ്ടത്. റോഡ് വരുന്നത് പരിസ്ഥിതിക്കും ജൈവസന്പത്തിനും നാശമുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
നെൽപ്പാടം നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരേ “വയൽക്കിളികൾ’ സമരം നടത്തിയിരുന്നു. ഇവരുടെ ആശങ്ക ശരിവയ്ക്കുന്ന റിപ്പോർട്ടാണ് കേന്ദ്രസംഘത്തിന്‍റേത്. വയലിന്‍റെ മധ്യത്തിലൂടെയുള്ള അലൈൻമെന്‍റ് വശത്തേക്ക് മാറ്റണം. തോട്ടിലെ ഒഴുക്ക് തടയാത്ത രീതിയിൽ അലൈൻമെന്‍റ് മാറ്റണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.
ബൈപ്പാസ് നിർമിക്കുന്നതിനായി പരിസ്ഥിതി സംഘടനകൾ മുന്നോട്ടുവച്ച ബദൽ നിർദേശം പരിഗണിക്കണം. മറ്റുവഴി ഇല്ലെങ്കിൽ മാത്രമേ നിലവിലെ അലൈൻമെന്‍റ് തുടരാവൂ. സമരക്കാരുടെ ആശങ്ക ന്യായമെന്ന് കേന്ദ്രസംഘം വ്യക്തമാക്കുന്നു.