തളിപ്പറമ്പ്: നിര്‍ത്താതെ പെയ്യുന്ന മഴയില്‍ സമരപ്പന്തലിന് തൊട്ട് വയലില്‍ വെള്ളം നിറഞ്ഞിട്ടും വയല്‍കിളികളുടെ സമരാവേശത്തിന് കുറവൊന്നുമില്ല. ഇന്നലെ രാത്രി കനത്ത മഴയില്‍ ഉയര്‍ന്നു പൊങ്ങിയ മഴവെള്ളം സമരപ്പന്തലിന് മുട്ടിയൊഴുകിയെങ്കിലും കഴിഞ്ഞ ഒന്‍പത് ദിവസമായി നിരാഹാരം തുടരുന്ന സുരേഷ് കീഴാറ്റൂര്‍ സമരപ്പന്തലില്‍ നിന്ന് താഴെയിറങ്ങാന്‍ തയാറായില്ല. നിരവധി വയല്‍കിളി പ്രവര്‍ത്തകരും നേരം പുലരുവോളം ഉറക്കമൊഴിഞ്ഞ് സത്യാഗ്രഹിക്കൊപ്പം കനത്ത മഴയെ അവഗണിച്ച് പ്രദേശത്ത് തന്നെ തുടരുകയാണ്.
ഇന്നലെ നടന്ന കളക്ടര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതോടെ വലിയ ജനപിന്തുണയാര്ജിച്ചിരിക്കയാണ് വയല്‍കിളി സമരം. സമരത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ 21 ന് തളിപ്പറമ്പില്‍ ജില്ലാടിസ്ഥാനത്തില്‍ ഐക്യാദാര്‍ഡ്യ സമ്മേളനം നടത്താനും വയല്‍കിളി കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ചര്‍ച്ച എന്തു വില കൊടുത്തും കീഴാറ്റൂര്‍ വഴിതന്നെ ബൈപ്പാസ് നിര്‍മ്മിക്കുമെന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് ചര്‍ച്ചക്കെത്തിയ സമരക്കാര്‍ യോഗത്തില്‍ നിന്നും ഇറങ്ങി പോയതോടെയാണ് പരാജയപ്പെട്ടത്.
ഇന്നലെ രാവിലെ ഒമ്പതിനാണ് കണ്ണൂര്‍ കളക്ടര്‍ മിര്‍ മുഹമ്മദലി തന്റെ ചേമ്പറില്‍ യോഗം വിളിച്ചത്. വയല്‍ക്കിളികള്‍ കൂട്ടായ്മ പ്രവര്‍ത്തകരായ സി.മനോഹരന്, എന്‍.ബൈജു തുടങ്ങിയവരും ജയിംസ് മാത്യു എംഎല്‍എ, ലോക്കല്‍ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുമാണ് യോഗത്തില്‍ പങ്കെടുത്തത്. നെല്‍വയലും തണ്ണീര്‍ത്തടവും നികത്തിയുള്ള ബൈപ്പാസ് നിര്‍മാണത്തിന് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സമരസമിതി നേതാക്കള്‍ കളക്ടറെ അറിയിച്ചു.
എന്നാല്‍ ബൈപ്പാസിന്റെ നോട്ടിഫിക്കേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇനി ഇത് മാറ്റാന്‍ സാധിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു. ആശങ്ക ദുരീകരിച്ച് ബൈപ്പാസ് ആവാമെന്ന് സിപിഎം പ്രതിനിധികളും നിലപാടെടുത്തു. ഇതോടെ യോഗം ബഹിഷ്കരിച്ച് സമരസമിതിക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. കുടിവെളളത്തിനായി കീഴാറ്റൂരിലെ എല്ലാ വീടുകളിലും കുടിവെളള കണക്ഷന് നല്‍കാമെന്ന എംഎല്‍എയുടെ വാഗ്ദാനത്തെ സമരക്കാര്‍ നേരത്തെ തളളിയിരുന്നു.
തരിശായിക്കിടക്കുന്ന വയലുകളാണ് എന്ന അധികൃതരുടെ വാദത്തെ കഴിഞ്ഞ വര്‍ഷം വരെ കൃഷിഭവന് വഴി ആനുകൂല്യങ്ങള്‍ വാങ്ങിയതിന്റെ രേഖകളുമായാണ് വയല്‍കിളികള്‍ കൂട്ടായ്മ പ്രതിരോധിച്ചത്. സമരത്തോട് അനുഭാവം രേഖപ്പെടുത്താന്‍ ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരിയും ബിജെപി കേഴിക്കോട് മേഖലാ വൈസ് പ്രസിഡന്റ് എ.പി.ഗംഗാധരനും നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും ഇന്നലെ കീഴാറ്റൂര്‍ വയലില്‍ എത്തിയിരുന്നു.