തളിപ്പറമ്പ്: കഴിഞ്ഞ 19 ദിവസമായി കീഴാറ്റൂര്‍ വയലില്‍ വയല്‍കിളി കൂട്ടായ്മ നടത്തിവന്ന നിരാഹാര സമരം താത്കാലികമായി നിര്‍ത്തിവെച്ചു. തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് ഇന്നലെ കീഴാറ്റൂരില്‍ ചേര്‍ന്ന വയല്‍കിളി സമരസമിതിയുടേയും ഐക്യദാര്‍ഢ്യസമിതിയുടേയും നേതൃത്വത്തില്‍ സംയുക്ത ബഹുജന കൂട്ടായ്മയയിലെ തീരുമാനപ്രകാരമാണ് സമരം താത്കാലികമായി നിര്‍ത്തിയതെന്ന് സമരനായകന് സുരേഷ് കീഴാറ്റൂര്‍ അറിയിച്ചു. വന്‍ ജനക്കൂട്ടമാണ് ഇന്നലെ നടന്ന കൂട്ടായ്മയിലേക്ക് ഒഴുകിയെത്തിയതെന്നത് സമര രംഗത്തുണ്ടായിരുന്നവര്ക്ക് ആവേശം പകര്‍ന്നു.
അന്തിമ തീരുമാനം വരുന്നതുവരെ സമരസമിതിയും ഐക്യദാര്‍ഢ്യസമിതിയും പ്രവര്‍ത്തനം തുടരാനും തീരുമാനിച്ചിട്ടുണ്ട്. വയല്‍കിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ കീഴാറ്റൂര്‍ വയലിലെ മുഴുവന്‍ വയലിലും കൃഷിയിറക്കാനും ബഹുജന കൂട്ടായ്മ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വിത്തുവിതയ്ക്കല്‍ തുലാം 10 ന് (ഒക്ടോബര്‍ 26) ആഘോഷപൂർവം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിദേശത്തും മറ്റും ജോലിചെയ്യുന്നവരുടെ പേരിലുള്ള വയലില്‍ കൃഷി നടത്താതെ തരിശിട്ടത് ഉള്‍പ്പെടെ ഏറ്റെടുത്ത് നടത്താനും തീരുമാനമായിട്ടുണ്ട്.
ഇത് കൂടാതെ കീഴാറ്റൂര്‍ വയലിന്റെ ജൈവ വൈവിധ്യത്തേക്കുറിച്ച് വിശദമായി പഠനം നടത്തി റിപ്പോര്‍ട്ട് നല്കാന് വിദഗ്ധ ശാസ്ത്രജ്ഞന്മാര് ഉള്‍പ്പെടുന്ന കമ്മറ്റിയേയും നിയോഗിക്കും. ഗവണ്മെന്റ് തീരുമാനം പരമാവധി വയലുകളും വീടുകളും നശിപ്പിക്കാതെ ബൈപ്പാസ് നിര്‍മിക്കലാണെന്ന് മന്ത്രി സുധാകരന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം എതിരായി വരികയാണെങ്കില്‍ സമരം പൂർവാധികം ശക്തിയോടെ വീണ്ടും തുടരാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനാലാണ് സമരസമിതിയും ഐക്യദാര്‍ഢ്യസമിതിയും പിരിച്ചുവിടാതെ നിലനിര്‍ത്തിയിരിക്കുന്നത്. സമരത്തെ സംഘപരിവാറും തീവ്രവാദികളും പിന്തുണച്ചുവെന്ന സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ വിലയിരുത്തല്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും ബഹുജന കൂട്ടായ്മ അറിയിച്ചു.
സമരത്തിന് വലിയ പിന്തുണ നല്കിയ മാധ്യമങ്ങളോട് സമരസഹായസമിതി നന്ദി അറിയിച്ചു. ഇന്നലെ കീഴാറ്റൂര്‍ വയല്‍ പരിസരത്ത് ചേര്‍ന്ന കൂട്ടായ്മയില്‍ ഡോ.ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ടി.പി.പത്മനാഭന്, കെ.സുനില്‍കുമാര്‍, കാരയില്‍ അപ്പുക്കുട്ടന്, നോബിള്‍ എം.പൈകട, സണ്ണി അമ്പാട്ട്, വി.പി.മഹേശ്വരന്, സുരേഷ് കീഴാറ്റൂര്‍, നമ്പ്രാടത്ത് ജാനകിയമ്മ, സി.മനോഹരന്, പടിപ്പുരയ്ക്കല്‍ ശ്രീനീവാസന് എന്നിവര്‍ പ്രസംഗിച്ചു.