ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയ ജലപാത വികസനവും സംസ്ഥാനത്തെ ദേശീയപാത വികസനവുമാണ് ചർച്ചയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസർഗോഡ് ജില്ലയിൽ ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്പോൾ മാനദണ്ഡങ്ങൾ പാലിക്കാതെ ഉയർന്ന വില നിശ്ചയിച്ചത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് ഉറപ്പ് നൽകി. സംസ്ഥാനത്തെ ദേശീയ ജലപാത വികസനവുമായി ബന്ധപ്പെട്ട കാര്യവും കൂടിക്കാഴ്ചയിൽ ചർച്ചയായി.
കീഴാറ്റൂർ വിഷയത്തിൽ ചർച്ച നടന്നോ എന്ന ചോദ്യത്തിന് ഇക്കാര്യത്തിൽ തനിക്ക് പറയാനുള്ളത് നേരത്തെ പറഞ്ഞതല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. മൂന്ന് ദിവസമായി താൻ സഭയിൽ എത്താത്തത് ചോദ്യം ചെയ്ത പ്രതിപക്ഷ നിലപാടും മുഖ്യമന്ത്രി തള്ളി. താൻ ഇവിടെയാണെന്ന് എല്ലാവരും കണ്ടതല്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം.
സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങൾ വർധിച്ചുവെന്ന് പ്രതിപക്ഷ വിമർശനം മുഖ്യമന്ത്രി തള്ളി. പോലീസ് അതിക്രമങ്ങൾ കുറയുകയാണ് ചെയ്തിട്ടുള്ളതെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.