കണ്ണൂർ: കീഴാറ്റൂരിൽ വയൽക്കിളികളെ പ്രതിരോധിക്കാൻ സിപിഎം ഒരുങ്ങുന്നു. വയൽ നികത്തി നാലുവരിപാത നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ വയൽക്കിളികൾ കീഴാറ്റൂരിൽ നടത്തുന്ന സമരത്തിനെതിരെ മാർച്ച് 24ന് ”നാടിന് കാവൽ’ എന്ന പേരിൽ സമരവുമായി സിപിഎം രംഗത്തുവരുന്നു. തളിപ്പറന്പിൽനിന്നും കീഴാറ്റൂരിലേക്ക് 3,000 സിപിഎം പ്രവർത്തകർ പങ്കെടുക്കുന്ന മാർച്ചിനും പാർട്ടി നേതൃത്വം നൽകുന്നുണ്ട്.
ബൈപാസിനെതിരെ സിപിഎം മൂന്നുതവണ നേരത്തെ സമരം ചെയ്തിരുന്നു. ഇതേതുടർന്നു രണ്ടു തവണ അലൈൻമെന്റ് മാറ്റിവച്ചു. ഇപ്പോൾ വയൽക്കിളികൾ നടത്തുന്ന സമരത്തിലും സിപിഎം പങ്കെടുത്തിരുന്നു. പിന്നീട് സിപിഎം പിൻമാറുകയായിരുന്നു. മാർച്ച് 25നുശേഷം പന്തൽ കെട്ടി സമരം നടത്താനാണ് സിപിഎം നീക്കം.
മാർച്ച് 25ന് വയൽക്കിളികൾ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാം ഘട്ട സമരത്തിന് മുന്നോടിയയാണ് സിപിഎം നീക്കം. വയൽക്കിളികളുടെ സമരം സർക്കാരിനെ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിൽകൂടിയാണ് സിപിഎം സമരം. ഞായറാഴ്ച വയൽക്കിളികളുടെ നേതൃത്വത്തിൽ വീണ്ടും സമര പന്തൽ കെട്ടി പ്രതിഷേധം ശക്തമാക്കാനാണ് നീക്കം. കഴിഞ്ഞ ദിവസം വയൽക്കിളികളുടെ സമരപന്തൽ സിപിഎം പ്രവർത്തകർ കത്തിച്ചിരുന്നു.
വയൽക്കിളികളുടെ സമരത്തിന് സിപിഐയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. സിപിഐ യുവജന സംഘടന എഐവൈഎഫ് ആണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ശക്തമാക്കനാണ് എഐവൈഎഫ് നീക്കം.