കൊച്ചി: കീഴാറ്റൂര്‍ ബൈപ്പാസ് പദ്ധതിയുടെ ഭാഗമായി കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത സുരേഷും അമ്മ ചന്ദ്രോത്ത് ജാനകിയും സമർപ്പിച്ച റിട്ട് ഹർജിയിലാണ് കോടതി ഉത്തരവ്. എന്നാൽ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി പറഞ്ഞു. സർക്കാരിനും ദേശീയപാതാ അഥോറിറ്റിക്കും കോടതി നോട്ടീസ് അയച്ചു.
ബൈപ്പാസ് പദ്ധതിക്കെതിരെ 26 വാദങ്ങള്‍ ഹൈക്കോടതിക്ക് മുമ്പിൽ വയല്‍കിളികള്‍ സമര്‍പ്പിച്ചിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഉള്‍പ്പെടെ 13 എതിര് കക്ഷികളാണ് കേസില്‍ ഉണ്ടായിരുന്നത്. വയല്‍കിളികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ പി.ജി കൃഷ്ണനാണ് ഹാജരായത്. വയൽക്കിളികളുടെ ഹര്‍ജിയില്‍ കൂടുതല്‍ വാദങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും.
വയൽക്കിളികളുടെ പോരാട്ട വിജയമാണിതെന്ന് സുരേഷ് കീഴാറ്റൂർ പ്രതികരിച്ചു. കീഴാറ്റൂര്‍ വഴി ബൈപ്പാസ് നിര്‍മിക്കാനുള്ള ദേശീയപാതാ അഥോറിറ്റിയുടെ തീരുമാനം കീഴാറ്റൂരില്‍ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.