ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിൽ പ്രതിപക്ഷം വാഴവച്ചതിനെ തുടർന്ന് പരാതിയുമായി സെക്രട്ടറി പോലീസിനെ സമീപിച്ചു. ഓഫീസ് കൈയേറിയെന്ന പേരിൽ സെക്രട്ടറി സ്മിതാറാണിയാണ് എടത്തല പോലീസിൽ പരാതി നൽകിയത്.
പ്രസിഡന്റിന്റെ മുറിയിൽ അതിക്രമിച്ച് കയറി യൂത്ത് കോൺഗ്രസുകാർ വാഴനടുകയും അധിക്ഷേപ മുദ്രാവാക്യം വിളിച്ചെന്നുമാണ് പരാതി.
51 ശതമാനം പേരുടെ ഹാജർ നിലയില്ലാതെ ക്വാറം തികയാതെ വന്നതിനാൽ വരണാധികാരി യോഗം പിരിച്ചുവിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാതെ വിട്ടുനിന്ന ഭരണപക്ഷ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിപക്ഷാംഗങ്ങൾ ആരോപിച്ചു.
തുടർന്ന് പ്രതിപക്ഷം പഞ്ചായത്തിന് മുമ്പിൽ ജനകീയ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഇതിനിടയിലാണ് പഞ്ചായത്ത് ഓഫീസിനകത്ത് പ്രസിഡന്റിന്റെ കസേരയിൽ യൂത്ത് കോൺഗ്രസ് വാഴനട്ടത്.
പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നിലയുറപ്പിച്ചിരുന്ന പോലീസിനെ വെട്ടിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഴ വച്ചത്.പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ഒരാളുടെ ഭൂരിപക്ഷത്തിൽ പാസാകുമെന്നുറപ്പായതോടെ യോഗത്തിൽനിന്ന് ഭരണപക്ഷം തന്ത്രപരമായി വിട്ടുനിന്നു.
ക്വാറം തികയാതെ വന്നതോടെ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാതെ വരണാധികാരി വാഴക്കുളം ബ്ലോക്ക് ബിഡിഒ യമുന യോഗം പിരിച്ചുവിടുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജനകീയ അവിശ്വാസ പ്രമേയം പാസാക്കി.