ചങ്ങനാശേരി: കെ.ജെ. ചാക്കോ കല്ലുകളം സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായ നേതാവായിരുന്നു. ചങ്ങനാശേരിക്കാർ അദ്ദേഹത്തെ ചാക്കോച്ചി എന്നാണ് വിളിച്ചിരുന്നത്.
മുനിസിപ്പൽ കൗണ്‍സിലർ, ചെയർമാൻ സ്ഥാനങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം എംഎൽഎയും പിന്നീട് മന്ത്രി സ്ഥാനത്തുമെത്തി.
മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ തനിക്ക് ബോധ്യമെന്നു കരുതുന്ന കാര്യങ്ങൾ തുറന്നു പറയുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ചങ്ങനാശേരി നഗരസഭാ കൗണ്‍സിലിലേക്ക് 1962ൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം 1964ൽ കേരളകോണ്‍ഗ്രസിന്റെ രൂപീകരണത്തിൽ പങ്കാളിയായി.
1964ൽ നഗരസഭാ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം കേരള കോണ്‍ഗ്രസ് പ്രതിനിധിയായാണ് ചങ്ങനാശേരിയിൽനിന്നും 1965ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ മുന്നണികൾക്ക് കേവലഭൂരിപക്ഷമില്ലാതിരുന്നതിനാൽ നിയമസഭ ചേരാൻ കഴിഞ്ഞില്ല. അന്നത്തെ ഗവർണർ വി.വി.ഗിരിയുടെ ശിപാർശ പ്രകാരം നിയമസഭ പിരിച്ചുവിട്ടു.
1967ൽ കെ.ജെ. ചാക്കോ വീണ്ടും മത്സരിച്ചെങ്കിലും സിപിഐ അംഗമായിരുന്ന അഡ്വ. കെ.ജി.എൻ. നന്പൂതിരിപ്പാടിനോട് പരാജയപ്പെട്ടു. 1970ൽ നടന്ന തെരഞ്ഞെടുപ്പിൽ കെ.ജെ.ചാക്കോ കെ.ജി.എൻ. നന്പൂതിരിപ്പാടിനെ തോൽപിച്ചു.
1977ലെ തെരഞ്ഞെടുപ്പിൽ പിള്ള ഗ്രൂപ്പംഗമായിരുന്ന മാത്യു മുളകുപ്പാടത്തേയും സ്വതന്ത്രാംഗം പി.പി. ജോസ് പുല്ലുകാടിനേയും പരാജയപ്പെടുത്തിയാണ് കെ.ജെ. ചാക്കോ നിയമസഭയിലെത്തിയത്.
പെസഹാവ്യാഴം അവധിയാക്കിയത് കെ.ജെ. ചാക്കോയുടെ ശ്രമഫലമായി
ചങ്ങനാശേരി: 1979ൽ ചുരുങ്ങിയ ദിവസങ്ങളിൽ സി.എച്ച്. മുഹമ്മദ്കോയ മന്ത്രിസഭയിൽ കെ.ജെ. ചാക്കോ എക്സൈസ്, ട്രാൻസ്പോർട്ട്, റവന്യു, സഹകരണം വകുപ്പ് മന്ത്രിയായിരുന്നു.
ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ് പെസഹാ വ്യാഴം പൊതു അവധി ദിവസമായി പ്രഖ്യാപിച്ചത്. പെസഹാവ്യാഴം അവധിയാക്കണമെന്നത് ദീർഘകാലമായി ക്രൈസ്തവരുടെ ആവശ്യമായിരുന്നു.
ഈ ദിനം അവധിയായി പ്രഖ്യാപിച്ചതിനാൽ ആളുകൾ അദ്ദേഹത്തെ പെസഹാമന്ത്രിയെന്നു വിശേഷിപ്പിച്ചിരുന്നു.
കെ.ജെ. ചാക്കോ മന്ത്രിയായി 13 ദിവസം കഴിഞ്ഞപ്പോൾ മന്ത്രിസഭ പിരിച്ചുവിട്ടെങ്കിലും ഒരുമാസത്തോളം മന്ത്രിയായി തുടർന്നു.
നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കെ.ജെ. ചാക്കോ ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ നിരവധി വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനു നേതൃത്വം നൽകി.
ചങ്ങനാശേരി ഫയർസ്റ്റേഷൻ, ചങ്ങനാശേരി ബോട്ട്ജെട്ടി വികസനം, വടക്കേക്കരയെ എംസി റോഡുമായി ബന്ധിപ്പിക്കുന്ന കണ്ണന്പേരൂർചിറ പാലം തുടങ്ങിയവ കെ.ജെ.ചാക്കോയുടെ ശ്രമഫലമായുണ്ടായ വികസന പദ്ധതികളാണ്.