കൊരട്ടി: കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും സ്വയം മനസിലാക്കിയെടുത്തതുമായ കൃഷിപാഠങ്ങളിൽനിന്നും നല്ലതുമാത്രം സ്വാംശീകരിച്ച് ഹൈടെക് കൃഷിരീതികൾ അവലംബിക്കുകയാണ് ഒ.ജെ.യെന്ന ഒ.ജെ.ഫ്രാൻസിസ്.
മെക്കാനിക്കൽ എൻജിനീയറുടെ മേലങ്കി അഴിച്ചു വച്ചാണു കൊരട്ടി പെരുന്പി സ്വദേശിയായ ഈ 62 കാരൻ നാടിനെ ഉൗട്ടാൻ ജൈവകൃഷിയുമായി മുന്നോട്ടു വന്നത്.
സ്വന്തമായുള്ള 52 സെന്റ് സ്ഥലത്ത് മൂന്നിടങ്ങളിലായി 400 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പോളി ഹൗസ് നിർമിച്ചിട്ടുണ്ട്. ഇതിനകത്ത് കൃഷി ചെയ്ത കുക്കുന്പർ, തക്കാളി, പയർ, പാവയ്ക്ക എന്നിവ വിളവെടുത്തു തുടങ്ങി.
യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത ഉത്പാദനക്ഷമതയുള്ള കെ പിസിഎച്ച് – 1 എന്ന വിത്തും മകൻ വിദേശത്തു നിന്ന് അയച്ചു നൽകിയ കുക്കുന്പർ വിത്തുകളുമാണ് ഇത്തവണ പരീക്ഷിച്ചത്.
വെള്ളായനി കാർഷിക കോളജിൽ നിന്നും വാങ്ങിയ ഗുണമേന്മയുള്ള ദീപിക പയർ വിത്തുകളും പ്രീതി എന്ന പേരിലുള്ള ഹൈബ്രിഡ് തക്കാളിക്കും പുറമെ പാവയ് ക്ക യുമാണ് പോളി ഹൗസിലുള്ളതെന്നു ഫ്രാൻസിസ് പറഞ്ഞു.
വഴുതന, തക്കാളി, വെണ്ട, പടവലം, കുന്പളം, മത്തങ്ങ, വിവിധയിനം മുളകുതൈകൾ എന്നിവക്കു പുറമെ മൂന്നു നിറങ്ങളിലായി ചെണ്ടുമല്ലി തൈകളും എല്ലാവർഷവും ഇദ്ദേഹം വില്പനയ്ക്കായി ഒരുക്കാറുണ്ട്.
സ്വന്തം നിലയിൽ രൂപകല്പന ചെയ്ത രണ്ടു നിലകളിലായി സജ്ജമാക്കിയ കൂട്ടിൽ പതിനഞ്ചോളം ആടുകളും കോഴികളും ഇവിടെയുണ്ട്.
കൃഷിക്കു പൂർണമായും ജൈവ വളങ്ങൾ മാത്രമേ ഇദ്ദേഹം ഉപയോഗിക്കുന്നുള്ളൂ. ആടുകൾക്കാവശ്യമായ പുല്ലും ഇവിടെത്തന്നെ നട്ടുവളർത്തുന്നുണ്ട്.
കുരുമുളക് തൈകൾ വളർത്തുവാൻ പത്തടി ഉയരത്തിൽ ചെറിയ സുഷിരങ്ങളിട്ട് മൂന്ന് ഇഞ്ച് പിവിസി പൈപ്പുകളും പറന്പിൽ സ്ഥാപിച്ചിട്ടുണ്ട്.
പൈപ്പിനകത്ത് കന്പോസ്റ്റ് വളം നിക്ഷേപിക്കുകയും പൈ പ്പിന്റെ മുകളിലെ അഗ്രത്തിലൂടെ വെള്ളവുമെത്തിക്കുകയും ചെയ്താൽ കുരുമുളക് തൈകൾക്ക് ആവശ്യമായ ജലം സുഷിരങ്ങളിലൂടെ ലഭിക്കും. കൂടാതെ തിരി നന സംവിധാനവും ഇവിടെയുണ്ട്.
പറന്പിന്റെ ഒരു ഭാഗത്തുള്ള കുളത്തിൽ മീനുകളുമുണ്ട്. ആസാം വാള, ഗിഫ്റ്റ് തിലാപ്പിയ, നട്ടർ എന്നിവയുടെ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്.
2018ലെ കൊരട്ടിയിലെ ഹൈടെക് കർഷകൻ അവാർഡ് ജേതാവായിരുന്നെങ്കിലും ആ വർഷമുണ്ടായ പ്രളയത്തിൽ വീടും കൃഷിയിടവും വെള്ളത്തിലായി.
നാടിനോടുള്ള പ്രതിബദ്ധത നിലനിർത്തി വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കൾക്കായി ജൈവകൃഷി രീതികൾ അവലംബിക്കുന്പോൾ ഏറെ ലാഭകരമല്ലെങ്കിലും കൃഷി നൽകുന്ന സംതൃപ്തി ചെറുതല്ലെന്നാ ണ് ഇദ്ദേഹത്തിന്റെ പക്ഷം.
13 പേരെ ഉൾപ്പെടുത്തി കൃഷിക്കായി കൊരട്ടിയിൽ സജീവമായി നിലകൊള്ളുന്ന കാരുണ്യ പുരുഷ സഹായ സംഘത്തിന്റെ പ്രസിഡന്റുകൂടിയാണ് ഫ്രാൻസിസ്.
സംഘത്തിന്റെ കൂട്ടായ്മയിൽ പഞ്ചായത്തിലെ വിവിധയിടങ്ങൾ പാട്ടത്തിനെടുത്ത് നെൽകൃഷിയും വാഴകൃഷിയും കപ്പ കൃഷിയും വർഷങ്ങളായി നടത്തി വരുന്നുണ്ട്.