53 വർഷം മുടങ്ങാതെ ഒരേ റൂട്ടിൽ രാവിലെയും വൈകുന്നേരവും ട്രെയിൻയാത്ര. 75 പൈസ ടിക്കറ്റിൽ കൽക്കരിവണ്ടിയുടെ ചൂളംവിളിയിൽ തുടങ്ങിയ കെ.ജെ. പോൾ മാൻവെട്ടത്തിന്റെ ഓരോ യാത്രയും അനുഭവസന്പന്നമാണ്.
കുറുപ്പന്തറ- എറണാകുളം റൂട്ടിൽ അരനൂറ്റാണ്ടിലേറെയായി പാസഞ്ചർ സീസണ് ടിക്കറ്റിൽ മുടങ്ങാതെ യാത്ര ചെയ്യുന്നവർ വേറെയില്ല.
പോൾ മാൻവെട്ടത്തിന്റെ ട്രെയിൻ യാത്രയ്ക്കു ബ്രേക്ക് വീണതു കോവിഡ് കാലത്തെ ട്രെയിൻ മുടക്കത്തിൽ മാത്രം. ഓരോ ദിവസത്തെയും യാത്രാ അനുഭവങ്ങൾ ഡയറിയിൽ കുറിച്ചു സൂക്ഷിക്കുന്ന യാത്രക്കാരും വേറേ അധികമുണ്ടാവില്ല.
എറണാകുളത്ത് പോൾ ഉടമയായ പോൾസണ്‍ ഒപ്റ്റിക്കൽസിലേക്ക് 1967 മേയ് 15നായിരുന്നു പാസഞ്ചറിലെ ആദ്യ ട്രെയിൻ യാത്ര.
തുടർന്ന് ഇന്നേവരെ മഞ്ഞോ മഴയോ വെയിലോ യാത്രയ്ക്ക് തടസമാകുന്നില്ല. വെറും ഒരു പതിവ് യാത്രക്കാരൻ മാത്രമല്ല പോൾ.
റെയിൽവേ വികസനത്തിനും യാത്രക്കാരുടെ ക്ഷേമത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച പോളാണ് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷന്റെ തുടക്കക്കാരൻ.
പാത ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണം എന്നിവയ്ക്ക് പച്ചക്കൊടി വാങ്ങിയെടുക്കാനും പുഷ് പുൾ ഉൾപ്പെടെ പത്തോളം ട്രെയിനുകൾ അനുവദിച്ചുകിട്ടാനും ഇദ്ദേഹം എഴുതിയ നിവേദനങ്ങൾക്കും നടത്തിയ ചർച്ചകൾക്കും സംഘടിപ്പിച്ച സമരങ്ങൾക്കും താൾകണക്കില്ല.
കോട്ടയത്തിനും വൈക്കം ജംഗ്ഷനുമിടയിലെ കുറപ്പന്തറയിൽനിന്ന് രാവിലെ 7.15നു കയറിയാൽ നിറുത്തിയും നിരങ്ങിയും പിടിച്ചിട്ടും രണ്ടു മണിക്കൂറിൽ അധികമെടുത്താണ് ആദ്യമൊക്കെ പാസഞ്ചർ എറണാകുളത്ത് എത്തിയിരുന്നത്.
എറണാകുളം പാസഞ്ചർ വെള്ളം പിടിക്കാൻ പിറവം സ്റ്റേഷനിൽ നിറുത്തിയിടുന്പോൾ അവിടെ റെയിൽവേ കാന്റീനിലെ കൃഷ്ണന്റെ കടയിൽ ഓടിക്കയറി ചൂടു ദോശയും ചായയും കഴിക്കുന്നതിന്റെ രുചി ഒന്നു വേറേതന്നെയായിരുന്നു. നിരവധി പതിവുയാത്രക്കാരുടെ പ്രഭാതഭക്ഷണം ആ കാന്റീനിൽനിന്നായിരുന്നു.
അക്കാലത്ത് സ്റ്റേഷനുകളിൽ നിറുത്തിയിടുന്ന ട്രെയിനിന്റെ അടിവശത്തുകൂടി യാത്രക്കാർ പാളം മുറിച്ചുകടക്കുന്ന പതിവുണ്ടായിരുന്നു.
ഒരിക്കൽ എറണാകുളം സൗത്ത് സ്റ്റേഷനു സമീപം ഒരാൾ അടിയിലൂടെ കുറുകെ കടക്കാൻ ശ്രമിച്ച സമയം ട്രെയിൻ നീങ്ങിത്തുടങ്ങി.
അയാൾ പാളത്തിൽ ശ്വാസമടക്കി നിവർന്നു കിടക്കുകയും ട്രെയിൻ പോയി കഴിഞ്ഞപ്പോൾ എഴുന്നേറ്റു വരികയും ചെയ്തതു പോൾ മാൻവെട്ടത്തിന്റെ നേർക്കാഴ്ചയുടെ അനുഭവങ്ങളിൽപ്പെടുന്നു.
കൽക്കരിവണ്ടി ഓടിയിരുന്ന ആദ്യകാലങ്ങളിൽ യാത്രക്കാരുടെ വസ്ത്രങ്ങളിൽ കൽക്കരി എൻജിനിൽ നിന്നുള്ള കരി പൊതിഞ്ഞിരിക്കുക സാധാരണം.
മുൻവശത്തെ മൂന്നു കന്പാർട്ടുമെന്റുകളിലുള്ള യാത്രക്കാരുടെ കണ്ണിലും മൂക്കിലുമൊക്കെ കരി വീഴുമായിരുന്നു. വസ്ത്രത്തിലെ കരി തട്ടിക്കളഞ്ഞാണ് ട്രെയിനിറങ്ങി യാത്രക്കാർ അന്നൊക്കെ ജോലിസ്ഥലങ്ങളിലേക്കു പോവുക.
ഇക്കാലത്തേതുപോലെ പാസഞ്ചർ വണ്ടിയിൽ കുഷൻ സീറ്റുകളൊന്നുമില്ല. പരുക്കൻ തടിസീറ്റുകളായിരുന്നു ഉണ്ടായിരുന്നത്.
എറണാകുളം റെയിൽവേസ്റ്റേഷനുണ്ടായ വിവിധങ്ങളായ വികസനങ്ങൾക്കു സാക്ഷിയാണ് പോൾ. മൂന്നു പ്ലാറ്റ്ഫോമുകൾ മാത്രമുണ്ടായിരുന്ന എറണാകുളം ജംഗ്ഷനിൽ ഇപ്പോൾ ആറു പ്ലാറ്റ്ഫോമുകളും എസ്കലേറ്റർ ഉൾപ്പെടെ സൗകര്യങ്ങളും വന്നു.
എറണാകുളത്തേക്ക് വിവിധയിടങ്ങളിൽനിന്ന് അൻപതോളം പുതിയ ട്രെയിനുകളും സർവീസ് തുടങ്ങി. ആലപ്പുഴ തീരദേശപാതയുടെയും കൊങ്കണ്‍ പാതയുടെയും വരവിനു പിന്നിലും പോളിന്റെ ഉൾപ്പെടെ നിവേദനങ്ങളും പരിശ്രമങ്ങളുണ്ട്.
1995 ജൂലൈ ഒന്നിനാണ് എറണാകുളം- കോട്ടയം പുഷ് പുൾ ട്രെയിൻ ഓടിത്തുടങ്ങിയത്. പോളിന്റെ നിരന്തര ശ്രമഫലമായി അനുവദിച്ചുകിട്ടിയ ഈ ട്രെയിനിനെ പോളിന്റെ വണ്ടി എന്നാണ് അക്കാലത്ത് യാത്രക്കാർ വിശേഷിപ്പിച്ചിരുന്നത്.
രാവിലെ 5.25നു കോട്ടയത്തുനിന്ന് എറണാകുളത്തേക്കും രാത്രി എട്ടിനു കോട്ടയത്തിനുമുള്ള പുഷ് പുൾ ഏറെ യാത്രക്കാർക്ക് നേട്ടമായി.
ആദ്യകാലങ്ങളിൽ പിറവം സ്റ്റേഷനിലും മറ്റും വണ്ടികൾ അനാവശ്യമായി പിടിച്ചിടുന്നതു പതിവായതോടെ പ്രതിഷേധിക്കാൻ പോളും സഹയാത്രക്കാരും ചേർന്നു കോട്ടയം- എറണാകുളം റെയിൽവേ യൂസേഴ്സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. പീന്നിടത് ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷനായി വിപുലപ്പെട്ടു.
റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ഇപ്പോഴും സമരമുഖത്താണ്. വിവിധ ആവശ്യങ്ങൾക്ക് സംഘടന നല്കിയ നിവേദനങ്ങൾ ആയിരത്തിലധികംം.
കൊടിപിടിച്ചും പൊതുമുതൽ തല്ലിത്തകർത്തുമായിരുന്നില്ല സംഘടനയുടെ തുടർസമരങ്ങൾ. നിയമാനുസൃത മാർഗങ്ങളിലൂടെ നിരന്തരമായി നിവേദനങ്ങൾ നല്‍കിയാണ് പോൾ മാൻവെട്ടവും കൂട്ടരും അധികാരികളുടെ കണ്ണുതുറപ്പിച്ചത്.
വികസനത്തിനു പച്ചക്കൊടി
സതേണ്‍ റെയിൽവേ പ്രധാന പാതകളിലെല്ലാം ഡീസൽ ട്രെയിനുകൾ അനുവദിച്ചിട്ടും കോട്ടയം – എറണാകുളം റൂട്ടിൽ കൽക്കരി വണ്ടി മാത്രമായിരുന്നു ആശ്രയം.
സംഘടനയുടെ പരിശ്രമത്തെത്തുടര്‍ന്നാണ് ഡീസൽ വണ്ടികൾ ഓടിത്തുടങ്ങിയത്. തുടക്കത്തിൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്താതെ നോർത്ത് റെയിൽവേ സ്റ്റേഷനിലൂടെ പോകുന്ന രീതിയിലായിരുന്നു. ദീർഘനാളത്തെ പരിശ്രമത്തിന്റെ ഫലമായി ഈ നടപടി അധികൃതർ മരവിപ്പിച്ചു.
ട്രെയിനിൽ കാപ്പിയും ചായയും നല്കുന്ന കപ്പിൽ അളവ് മാർക്ക് ചെയ്യണമെന്നുള്ള അസോസിയേഷൻ നിർദേശവും റെയിൽവേ അംഗീകരിച്ചു.
കൊല്ലം- പുനലൂർ ട്രെയിൻ തുടങ്ങി നിരവധി ട്രെയിനുകൾ, സ്റ്റേഷനിൽ പേ ആൻഡ് യൂസ് ശൗചാലയങ്ങൾ, പുഷ് പുൾ ട്രെയിൻ, എറണാകുളം സൗത്തിൽ കൂടുതൽ റിസർവേഷൻ കൗണ്ടറുകൾ തുടങ്ങിയവയൊക്കെ സംഘടനയുടെ ശ്രമഫലമായിരുന്നു. എറണാകുളം- കായംകുളം റൂട്ടിൽ ഇരട്ടപ്പാത അനുവദിക്കാൻ വാഹന പ്രചാരണ ജാഥ നടത്തിയതും പഴയ കഥ.
യാത്ര തുടരുകയാണ്
കുറുപ്പന്തറ മാൻവെട്ടത്താണ് പോളിന്റെ താമസം. അസോസിയേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിവസവും നിരവധി പ്പേരാണ് പോളിനെ ബന്ധപ്പെടുക. ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്, ചേംബർ ഓഫ് ഓപ്റ്റീഷൻസ് അസോസിയേഷൻ കേരള സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഭാര്യ: എൽപി സ്കൂൾ ഹെഡ്മിസ്ട്രസായി വിരമിച്ച അന്നമ്മ, മക്കൾ: പ്രവീണ്‍ പോൾ, പ്രിറ്റോ പോൾ, പ്രസീദ പോൾ മരുമക്കൾ: ഷൈനി, ബിന്ദു, ഷിബു തോമസ്.
ജെവിൻ കോട്ടൂർ