ന്യൂഡൽഹിയിലെ ദേശീയ മ്യൂസിയത്തിൽനിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പുരാവസ്തു മോഷണം പോയി. തൊട്ടുപിന്നാലെ അധികൃതർ കള്ളനെയും കണ്ടെത്തി. വർഷങ്ങൾ പഴക്കമുള്ള ഓൾഡുവായ് ഹാൻഡ് ആക്സാണ് ജൂണ് 24-ന് മോഷണം പോയത്.
കഴിഞ്ഞ ദിവസം മോഷണം തിരിച്ചറിഞ്ഞയുടൻ അധികൃതർ പോലീസിനെ സമീപിച്ചു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നു കള്ളനെ കണ്ടെത്താൻ കഴിഞ്ഞു. ഗുരുഗ്രാം സ്വദേശിയായ ഉദയ് രത്ര എന്ന ലക്ഷാധിപതിയാണ് മോഷണം നടത്തിയതെന്നു പോലീസ് തിരിച്ചറിഞ്ഞു.
വെള്ളിയാഴ്ച രാത്രി ഗുരുഗ്രാമിലെ വീട്ടിൽനിന്ന് ഉദയ് രത്രയെ പോലീസ് അറസ്റ്റ് ചെയ്തു. പോലീസെത്തിയപ്പോൾ രത്ര നായ്ക്കളെ അഴിച്ചുവിട്ടശേഷം അടുത്ത ദിവസം രാവിലെ തിരിച്ചുവരാൻ പോലീസ് സംഘത്തോട് ആവശ്യപ്പെട്ടു. ഇതോടെ പോലീസ് വീടിനു സമീപം ഒളിച്ചിരുന്നു.
രാത്രി വീട്ടിന്റെ പിൻവാതിൽവഴി രക്ഷപ്പെടാൻ ശ്രമിക്കവെ പോലീസ് രത്രയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസിനെ കണ്ട് നായ്ക്കളെ ഉപയോഗിച്ച് പ്രതിരോധിക്കാൻ രത്ര ശ്രമിച്ചെങ്കിലും തന്ത്രപരമായ നീക്കത്തിൽ പോലീസ് രത്രയെ കുടുക്കി.
മോഷണം പോയ ഓൾഡുവായ് ഹാൻഡ് ആക്സ് ഇയാളിൽനിന്നു കണ്ടെടുത്തു. 15 ലക്ഷം വർഷം പഴക്കമുള്ളതാണ് രത്ര മോഷ്ടിച്ച ഹാൻഡ് ആക്സ്. ഇതിന് വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കും.
ഇത് ആദ്യമായല്ല രത്ര കേസുകളിൽ ഉൾപ്പെടുന്നത്. 2006ൽ 20 വർഷമായി ലണ്ടനിൽ താമസക്കാരനായിരുന്ന രത്രയെ, ബ്രിട്ടൻ ഇന്ത്യയിലേക്കു നാടുകടത്തുകയായിരുന്നു. 2006-ൽ അന്നത്തെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ് കെറി തങ്ങിയ ഡൽഹിയിലെ ഹോട്ടലിലേക്കു ബ്ലേഡുമായി എത്തിയും രത്ര പോലീസ് പിടിയിലായി. ഇതേവർഷം തന്നെ വിദേശമദ്യം മോഷ്ടിച്ച കേസിലും രത്രയെ പോലീസ് അറസ്റ്റ് ചെയ്തു.