സ്വന്തം ലേഖകൻ
തൃശൂർ: ബ്ലാക്ക്മാനും അജ്ഞാത രൂപങ്ങളും ചർച്ചയാകുന്ന കാലത്ത് കള്ളനെ കൈയോടെ പിടിക്കാൻ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുകയാണ് ഒരുസംഘം യുവാക്കൾ. തൃശൂരിലെ പെരിഞ്ചേരിയിലാണ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ പരസ്പരം ബന്ധപ്പെട്ട് യുവാക്കൾ രാത്രി കാവലിരിക്കുന്നത്.
കഴിഞ്ഞദിവസം രാത്രിയാണ് ഈ മേഖലയിൽ മോഷ്ടാവ് എന്നു സംശയിക്കുന്നയാളെ ആദ്യം കണ്ടത്. മുണ്ടു മാത്രം ധരിച്ച ഒരാളെ എൽപിസ്കൂളിനു ചുറ്റുവട്ടത്തുള്ള മൂന്നിടങ്ങളിൽ കണ്ടു.
രണ്ടിടത്ത് റോഡിലും മറ്റൊരിടത്ത് വീട്ടുമുറ്റത്തുമാണ് അർധരാത്രിയോടെ ഇയാൾ എത്തിയത്. തടഞ്ഞുവയ്ക്കാൻ ശ്രമിക്കുന്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെട്ടു. മൂന്നിടത്തും ആൾബലമില്ലാത്തതിനാൽ പിൻതുടരാൻ കഴിഞ്ഞതുമില്ല.
പിറ്റേന്നുതന്നെ ക്വിക് ആക്ഷൻ ഫോഴ്സ് എന്ന പേരിൽ പെരിഞ്ചേരി എൽ.പി സ്കൂളിന് ഒരുകിലോമീറ്റർ ചുറ്റളവിൽ യുവാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.
നൂറ്ററുപതിലേറയുള്ള ഗ്രൂപ്പ് അംഗങ്ങൾ രാത്രി പരസ്പരം ആശയവിനിമയം നടത്തി നാടിനു കാവലിരിക്കുകയാണ്. സംശയാസ്പദമായ നിലയിൽ എന്തെങ്കിലുമുണ്ടായാൽ ഉടനെ ഗ്രൂപ്പിൽ ശബ്ദസന്ദേശങ്ങൾ അയച്ച് ഒരു സംഘത്തെ സ്ഥലത്തെത്തിക്കും.
കള്ളനായാലും സാമൂഹ്യവിരുദ്ധനായാലും കുടുക്കിയിട്ടേ കാര്യമുള്ളൂ എന്ന തീരുമാനത്തിലാണ് ഇവർ. പ്രദേശത്ത് പോലീസ് പട്രോളിഗും ഏർപ്പെടുത്തിയിട്ടുണ്ട്.