കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പിന് മുന്നോടിയായി ചേരുന്ന ബിജെപി ഭാരവാഹി യോഗത്തില്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ ചര്‍ച്ചയാവും.
കേന്ദ്ര നിര്‍വാഹക സമിതി അംഗവും സംസ്ഥാന ഉപാധ്യക്ഷയുമായ ശോഭാസുരേന്ദ്രനുള്പ്പെടെയുള്ള നേതാക്കള്‍ അടുത്തിടെ നടത്തിയ പരസ്യ പ്രതികരണങ്ങളാണ് സംസ്ഥാന നേതൃത്വം ചര്‍ച്ചയാക്കാന്‍ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പാണ് ചര്‍ച്ചാ വിഷയമെങ്കിലും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയ്ക്ക് പരിഹാരമുണ്ടാക്കുകയെന്നതാണ് ലക്ഷ്യം. ആരോപണങ്ങള്‍ തടയാന്‍ പാര്‍ട്ടിവിരുദ്ധ നിലപാട് സ്വീകരിച്ചവരെയാണ് സുരേന്ദ്രപക്ഷം ഉന്നംവയ്ക്കുന്നത്.
യോഗത്തിലെ ചര്‍ച്ചാ വിഷയങ്ങള്‍ കേന്ദ്രനേതൃത്വത്തിന് കൈമാറും. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിഫലിക്കരുതെന്നായിരുന്നു കേന്ദ്രനിര്‍ദേശം.
എന്നാല്‍ ചില നേതാക്കള്‍ പാര്‍ട്ടിയെ ഒറ്റിക്കൊടുക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്.
സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റ് 10 മാസമായിട്ടും പരസ്യവിമര്‍ശനത്തിന് തയാറാവാതിരുന്ന നേതാക്കള്‍ തദ്ദേശതെരഞ്ഞെടുപ്പിനിടെ നടത്തുന്ന പ്രസ്ഥാവനകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുന്നുവെന്നാണ് വിലയിരുത്തല്‍.
തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്ന് യോഗത്തില്‍ നേതൃത്വം വ്യക്തമാക്കും. തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കവെ ശോഭാസുരേന്ദ്രനും മറ്റുള്ളവരും പ്രചാരണത്തിനായി രംഗത്തെത്തിയിട്ടില്ല.
നേതാക്കള്‍ വിട്ടുനില്‍ക്കുന്നത് പാര്‍ട്ടിയെ ഒറ്റുകൊടുക്കുന്നതിന് സമാനമാണെന്നാണ് ഒരു വിഭാഗം പറയുന്നത്. തുടര്‍ച്ചയായി യോഗത്തില്‍ പങ്കെടുക്കാത്ത നേതാക്കളെക്കുറിച്ചും വിഷയമാക്കും. അടുത്തിടെ നടന്ന യോഗങ്ങളില്‍ ശോഭാസുരേന്ദ്രന് പങ്കെടുത്തിട്ടില്ല.
കഴിഞ്ഞായാഴ്ച ചേര്‍ന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗവും മുതിര്‍ന്ന നേതാക്കള്‍ ബഹിഷ്കരിച്ചിരുന്നു. യോഗത്തില്‍ പങ്കെടുക്കാത്തതും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും ഇവര്‍ക്ക് തിരിച്ചടിയാവും.
ഇത് നേതാക്കളുടെ സംഘടനാ വിരുദ്ധ നിലപാടാണെന്ന് വരുത്തി തീര്‍ക്കാനാണ് മറുഭാഗം ലക്ഷ്യമിടുന്നത്. നിലവില്‍ 24 നേതാക്കള്‍ സംസ്ഥാന അധ്യക്ഷനെതിരേ കേന്ദ്രത്തിന് പരാതി നല്‍കിയിട്ടുണ്ട്.