പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ജില്ലയിൽ കോവിഡ് അതിവേഗ വ്യാപനം നടക്കുന്നതായി ആരോഗ്യവകുപ്പ്.
തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം ഇത്തരത്തിൽ ഒരു വ്യാപനം രണ്ടും മൂന്നും ആഴ്ചകൾക്കുള്ളിലാണ് സംഭവിച്ചതെങ്കിൽ ഇന്നിപ്പോൾ പ്രതിദിന രോഗവ്യാപനം കൂടിവരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർഥിയടക്കം 49 പേരിലാണ് തെരഞ്ഞെടുപ്പ് പ്രചാരണ, ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് കോവിഡ് സ്ഥിരീകരിക്കപ്പെട്ടത്.
പ്രതിദിന വ്യാപനം നൂറിനു താഴേക്ക് കൊണ്ടുവന്നിരുന്നെങ്കിലും ഇന്നിപ്പോൾ അത് 250 കവിഞ്ഞു. വീണ്ടും 500നു മുകളിലെത്താൻ അധികം ദിവസം വേണ്ടിവരില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
8.16 ശതമാനമാണ് ജില്ലയുടെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മരണനിരക്ക് 0.22 ശതമാനമാണ്. കോവിഡ് ബാധിതരാണെങ്കിലും ഇതര രോഗങ്ങൾ ഉള്ളവരുടെ മരണം കോവിഡ് കണക്കിൽ ഉൾപ്പെടുത്താറുമില്ല.
ആദ്യ കോവിഡ് തരംഗത്തിൽ അറുപതും എണ്പതും മുകളിൽ പ്രായമുള്ളവരിൽ ആയിരുന്നു മരണം റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്നത് നാല്പതിൽ താഴെയുള്ളവരിലേക്കെത്തിയിരിക്കുന്നു.
മുപ്പതുകഴിഞ്ഞവരിലും രോഗം വലിയ തോതിൽ വ്യാപകമാകുന്നുണ്ട്.
പരിശോധനയ്ക്ക് എത്താൻ മടി കാട്ടരുത്
ആദ്യമൊക്കെ ചെറിയ ജലദോഷമോ പനിയോ വന്നാൽ പരിശോധനയ്ക്കായി ആളുകൾ എത്തുമായിരുന്നു.
ഇപ്പോൾ ആരോഗ്യ പ്രവർത്തകർ അങ്ങോട്ട് ചെന്നു പറഞ്ഞിട്ടും പരിശോധനയ്ക്ക് എത്താൻ ആളുകൾക്ക് മടിയാണെന്ന് ഡിഎംഒ ഡോ.എ.എൽ. ഷീജ ചൂണ്ടാക്കാട്ടി.
രോഗം വന്നുപൊയ്ക്കൊള്ളട്ടെയെന്ന മനോഭാവം വർധിച്ചു. അത് വലിയ അപകടമുണ്ടാക്കുന്നുണ്ട്.
കോവിഡ് ബാധിച്ചുള്ള മരണത്തിനു പ്രായപരിധി ബാധകമല്ലെന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. ഇതു ശ്രദ്ധിക്കപ്പെടാതെ പോകരുതെന്ന് ഡിഎംഒ അഭ്യർഥിച്ചു.
ന്ധജില്ലയിലെ ഇരുപത്തഞ്ച് ശതമാനം പേരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ അത് കൊണ്ട് കുഴപ്പം ഇല്ലെന്ന ചിന്ത ആളുകൾ മാറ്റണം.
വെന്റിലേറ്ററിൽ എത്തുന്ന യുവാക്കളുടെ എണ്ണം വർധിക്കുകയാണ്. അത് നല്ല സൂചനയല്ല. വലിയൊരു വ്യാപനം ഉണ്ടാകാതിരിക്കാനാണ് വാക്സിൻ എടുക്കാൻ പറയുന്നതെന്ന് ഡിഎംഒ പറഞ്ഞു.