ഗ്രീഷ്മത്തിലും വർഷത്തിലും വേനലിലും ശിശിരത്തിലും മലയാളി കേൾക്കുന്ന ശബ്ദം ഒന്നേയുള്ളു അത് ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റേതാണെന്ന് മോഹൻലാൽ. ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന് ഇന്ന് ശതാഭിഷേകം. ശതാഭിഷിക്തനാകുന്ന അദ്ദേഹം യുഎസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുന്നത്. അദ്ദേഹത്തിന് ജന്മദിനാശംസയുമായി മലയാളത്തിന്റെ താര രാജാവ് മോഹൻലാൽ. തന്റെ ഫേസ്ബുക്ക് പേജിലാണ് ഗാനഗന്ധർവന് ജന്മദിനാശംസയറിയിച്ചിരിക്കുന്നത്.
“ഗ്രീഷ്മത്തിലും വർഷത്തിലും വേനലിലും ശിശിരത്തിലും മലയാളി കേൾക്കുന്ന ശബ്ദം ഒന്നേയുള്ളു അത് ഗാനഗന്ധർവൻ കെ.ജെ. യേശുദാസിന്റേതാണ്. നമ്മുടെ എല്ലാം പ്രിയപ്പെട്ട ദാസേട്ടൻ. നമ്മളൊക്കെ ജനിച്ച് വളർന്നത് മുതൽ കേട്ട് പാടിയ ശബ്ദം ആ നാദബ്രഹ്മത്തിനു ഇന്നും യുവത്വമാണ്.
സാഗരത്തിലെന്ന പോലെ ആ നാദബ്രഹ്മത്തിന്റെ തിരകളിങ്ങനെ അവസാനിക്കാതെ നമ്മുടെ മനസിന്റെ തീരമണഞ്ഞുകൊണ്ടേയിരിക്കും. ഒരിക്കലും പുതുമ നശിക്കാതെ. ദാസേട്ടന്റെ ശബ്ദത്തിൽ എന്റെ ചില സിനിമകളിൽ ചുണ്ടനക്കി പാടാനായത് സിനിമാ ജീവിതത്തിലെ എന്റെ സുകൃതങ്ങളിലൊന്നായി ഞാൻ കരുതുന്നു.
ഇതൊക്കെ അപൂർവങ്ങളിൽ മാത്രമായി സംഭവിക്കുന്നതാണെന്ന് ഞാൻ മനസിലാക്കുന്നു.നൂറ്റാണ്ടുകളിൽ ഒരിക്കൽ മാത്രം ഉണ്ടാകുന്ന പ്രതിഭാസങ്ങളിൽ ഒന്നാണ് ദാസേട്ടൻ. അദ്ദേഹം ജീവിക്കുന്ന കാലത്ത് ജീവിക്കാനായത് മഹാഭാഗ്യമായി കരുതുന്നു.
അദ്ദേഹത്തിന്റെ ഒരു പാട്ടെങ്കിലും ദിവസവും മൂളാത്ത മലയാളി ഉണ്ടാവില്ല. ഇന്ന് ജനുവരി പത്ത്. അദ്ദേഹത്തിന്റെ 84ാമത് ജന്മദിനം. ആയിരം പൂർണചന്ദ്രൻമാരെ കണ്ട് ശതാഭിഷിക്തനാകുന്ന ദിവസം. കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും പാട്ടിന്റെ പാലാഴി തീർത്തവനേ…
ഈ സുദിനത്തിൽ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യവും ദീർഘായുസും ആശംസിക്കുന്നു. ഒപ്പം പ്രാർഥനയും. ഋതുഭേദങ്ങളില്ലാത്ത ഈ ഗായകന് എനിക്ക് ഗുരു തുല്യനായ ദാസേട്ടന്റെ പാദാരവിന്ദങ്ങളിൽ എന്റെ നമസ്കാരം’. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.