മുംബൈ: പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ഓപ്പണര്‍ കെ.എല്‍.രാഹുല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലേക്കാണ് രാഹുലിനെ തിരിച്ചുവിളിച്ചിരിക്കുന്നത്. രാഹുലിന്റെ വരവ് ഗൗതം ഗംഭീറിനാണ് ഭീഷണി ഉയര്‍ത്തുന്നത്. ആദ്യ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലും ഗംഭീര്‍ പരാജയമായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിനെ 16–മനായി ടീമില്‍ ഉള്‍പ്പെടുത്തുന്നത്.
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് രാഹുലിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ഗ്രൗണ്ടിലേക്കു തിരിച്ചെത്തിയ രാഹുല്‍ രഞ്ജി ട്രോഫിയില്‍ കര്‍ണാടകയ്ക്കായി സെഞ്ചുറിയും അര്‍ധസെഞ്ചുറിയും കുറിച്ചു. പരിക്കേറ്റു പുറത്തുപോകുന്ന കളിക്കാര്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവു തെളിയിച്ചാല്‍ മാത്രമേ ടീമിലെത്തു എന്ന് ബിസിസിഐ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇത്തരത്തില്‍ രാഹുല്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെ ദേശീയ ടീമിലേക്കു വഴി തെളിയുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. വ്യാഴാഴ്ച വിശാഖപട്ടണത്താണ് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്.