തിരുവനന്തപുരം: ആനയെ കട്ടവനെ കാണാത്ത മുഖ്യമന്ത്രി ചേന കട്ടവനെതിരെ രോഷം കൊള്ളുന്നുവെന്ന് കെ.കെ.രമ എംഎല്‍എ.
ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.കെ.രമ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ എല്ലാവരും അഴിമതിക്കാരല്ലെന്നും എന്നാല്‍ എങ്ങനെ അഴിമതി നടത്താമെന്ന കാര്യത്തില്‍ ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം ഒരു യോഗത്തില്‍ പറഞ്ഞിരുന്നു.
പാലക്കാട്ടെ വില്ലേജ് അസിസ്റ്റന്‍ഡിന്റെ ചെയ്തി ദുഷ്പേരുണ്ടാക്കിയെന്ന് രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അഴിമതിക്കേസില്‍ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണെന്ന് കെ.കെ.രമ ആരോപിക്കുന്നു.
അഴിമതിക്കാര്‍ നമ്മുടെ നാടിന് നാണക്കേടാണ്. കൃത്യമായ അന്വേഷണം നടക്കണം. മാതൃകാപരമായി ആ ജീവനക്കാരന് ശിക്ഷിക്കപ്പെടണം. അയാള്‍ക്കു പിറകിലോ ഒപ്പമോ ആരെങ്കിലും ഉണ്ടെങ്കില്‍ അവരും നിയമത്തിന്റെ മുന്നിലെത്തണം.
പക്ഷേ ഈ ദുഷ്പേരില്‍ രോഷം കൊള്ളുന്ന മുഖ്യമന്ത്രിക്ക് സ്വന്തം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐഎഎസുകാരനുമായ എം.ശിവശങ്കരന് അഴിമതിക്കേസില്‍ അഴിയെണ്ണുന്നത് ഒട്ടും നാണക്കേടുണ്ടാക്കുന്നില്ലെന്നത് കഷ്ടമാണ്-കെ.കെ.രമ പറയുന്നു.
പ്രളയ ദുരിതാശ്വാസ ഫണ്ടുകള്‍ മുക്കിയ പാര്‍ട്ടിക്കാരെ ഓര്‍ത്ത് നാണക്കേടുണ്ടാവാത്ത മുഖ്യമന്ത്രി അഴിമതി വെച്ചുപൊറുപ്പിക്കില്ലത്രെ ! ഓഖി ഫണ്ട് തട്ടിപ്പ്, സ്പ്രിംഗ്ളര്‍ ഇടപാടിലെ അഴിമതി, ലൈഫ് മിഷന്, കൊറോണയുടെ മറവില്‍ മാസ്കിലും മരുന്നിലും പി.പി കിറ്റുകളില്‍ പോലും നടന്ന തട്ടിപ്പുകള്‍, എ.ഐ കാമറ ഇടപാടഴിമതി ഇങ്ങനെ അനേക കോടികളുടെ അഴിമതിയുടെ നിഴലില്‍ നില്ക്കുന്ന ഒരു ഗവണ്മെന്റിനെ നയിക്കുന്ന മുഖ്യമന്ത്രി അഴിമതിക്കാര്‍ക്കെതിരേ നിലപാടെടുക്കും എന്ന് പറയുന്ന ഗീര്‍വ്വാണ പ്രസംഗം ആരെയും അമ്പരപ്പിക്കുന്നത് തന്നെയാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കെ.കെ.രമ പറയുന്നു.