സ്വന്തം ലേഖകൻ
കോഴിക്കോട്: ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ സർക്കാർ കണ്ടെത്തിയ പുതിയ രീതിയാണ് തീവ്രവാദ ബന്ധം ആരോപിക്കലെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. രമ. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ആര് സമരം ചെയ്താലും ഇതേ രീതിയിലാണ് സർക്കാർ നേരിടുന്നത്. നേരത്തെ ഡിജിപി ഓഫീസിന് മുന്നിൽ സമരം ചെയ്തപ്പോൾ ജിഷ്ണുവിന്റെ അമ്മ മഹിജയെയും ഇതേ രീതിയിലാണ് നേരിട്ടിരുന്നത്. മഹിജയുടെ സമരത്തിനും ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്നായിരുന്നുവെന്നാണ് സർക്കാരും പോലീസും അന്ന് പറഞ്ഞത്.
പുതുവൈപ്പിലെ ജനകീയ സമരത്തെ അടിച്ചമർത്താനും സർക്കാർ അന്നത്തെ അതേ നിലപാട് ആവർത്തിക്കുകയാണെന്നും രമ “രാഷ്ട്രദീപിക’യോട് പറഞ്ഞു. പുതുവൈപ്പിലെ ഐഒസിയുടെ നിർദിഷ്ട എൽപിജി ടെർമിനലിനെതിരെ പ്രദേശവാസികളായ ജനങ്ങൾ കഴിഞ്ഞ 162 ദിവസമായി സമരം ചെയ്തുവരികയാണ്. അന്നൊന്നും ഇത്തരം ബന്ധങ്ങൾ ആരോപിച്ചിരുന്നില്ല. സമരം ശക്തമാവുകയും കേരളത്തിന്റെ ശ്രദ്ധ പുതുവൈപ്പിലേക്കെത്തുകയും ചെയ്തതോടെയാണ് സമരത്തിന് തീവ്രവാദബന്ധമുണ്ടെന്ന് സർക്കാർ പറയുന്നത്. ഇടതുപക്ഷം ഇത്തരം നയം സ്വീകരിക്കുന്നത് വൈരൂധ്യമാണെന്നും അവർ പറഞ്ഞു.
മുൻ വർഷങ്ങളിൽ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയവരാണ് ഇപ്പോൾ സമരത്തെ അടിച്ചമർത്തുന്നത്. പിഞ്ചുകുഞ്ഞുങ്ങളെവരെ അടിച്ചോടിക്കുന്ന പോലീസ് നടപടി ഒരു ഇടതുപക്ഷ സർക്കാരിന് എങ്ങിനെയാണ് ന്യായീകരിക്കാൻ സാധിക്കുക എന്നും അവർ ചോദിക്കുന്നു. കേരളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലാണ് പുതുവൈപ്പിൽ പോലീസ് നടപടിയുണ്ടായത്. ഭീകരമായ പോലീസ് മർദനത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.
പോലീസിന്റെ കിരാതമായ നടപടി മറച്ചുവയ്ക്കാനാണ് ഇപ്പോൾ തീവ്രവാദ ബന്ധം പോലുള്ള ആരോപണം ഉന്നയിക്കുന്നത്. ജീവിക്കാൻ വേണ്ടി ജനങ്ങൾ നടത്തുന്ന സമരത്തെ അടിച്ചമർത്തുന്ന നയം ജനാധിപത്യ വിശ്വാസികൾ അംഗീകരിക്കില്ല. ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിമാറുമെന്നും രമ പറഞ്ഞു.