കെ. ഷിന്റുലാൽ
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും യുഡിഎഫിന് കല്ലുകടിയായി മാറിയ വടകരയില്‍ ക്ലൈമാക്സിലും ട്വിസ്റ്റ്. കോണ്‍ഗ്രസില്‍ നിന്ന് അടിയൊഴുക്കുകള്‍ ഉണ്ടാവാനുള്ള സാധ്യതയാണിപ്പോള്‍ കെപിസിസി നേതൃത്വത്തെ അലട്ടുന്നത്.
രമ ജയിച്ചാൽ വടകര കോൺഗ്രസിന് നഷ്ടമാകുമോ?
വടകര സീറ്റ് ആര്‍എംപിക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ചിലര്‍ കടത്തനാടന്‍ അങ്കത്തട്ടില്‍ ഒളിപ്പോരുമായിറങ്ങിയിട്ടുണ്ട്.
വടകരയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ആര്‍എംപി സ്ഥാനാര്‍ഥി കെ.കെ.രമ വിജയിച്ചാല്‍ പിന്നീടൊരിക്കലും വടകര കോണ്‍ഗ്രസിന് തിരിച്ചുകിട്ടില്ലെന്ന രഹസ്യപ്രചാരണമാണ് ചിലര്‍ നടത്തുന്നത്.
ഇതോടെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന യുഡിഎഫ് ആശങ്കയിലാണ്.
വടകര സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണമെന്നായിരുന്നു നേരത്തെ ഉയര്‍ന്ന ആവശ്യം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വടകരയില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്നും വടകരയില്‍ മത്സരിക്കാമെന്നും ചില നേതാക്കള്‍ പ്രതീക്ഷയും പുലര്‍ത്തിയിരുന്നു. എന്നാല്‍ വോട്ടുകണക്കുകള്‍ എല്‍ഡിഎഫിന് അനുകൂലമാകുമെന്നതിനാല്‍ ആര്‍എംപിയുമായുള്ള സഖ്യത്തിലൂടെ വടകര പിടിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു.
രഹസ്യ ചർച്ചകൾ സജീവം
എന്നാൽ ഇപ്പോൾ കോണ്‍ഗ്രസ്-ആര്‍എംപി സഖ്യത്തോടെ മത്സരിക്കാന്‍ ഒരുങ്ങിയവരുടെ പ്രതീക്ഷകള്‍ മങ്ങി.തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ആര്‍എംപി സഖ്യത്തിനൊപ്പം നില്‍ക്കുകയും കെപിസിസി നേതൃത്വം കൈപ്പത്തി ചിഹ്നം അനുവദിച്ച സ്ഥാനാര്‍ഥിക്കെതിരേ പ്രചാരണം നടത്തുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് നിയമസഭാ സീറ്റ് പ്രതീക്ഷയില്‍ ആര്‍എംപി സഖ്യത്തെ എതിര്‍ത്തതെന്നത് ശ്രദ്ധേയമായിരുന്നു.
ആര്‍എംപി നേതാവും ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമയെ മത്സരിപ്പിച്ചാല്‍ മാത്രം സഖ്യമെന്ന കെപിസിസിയുടെ ആവശ്യം ഇവര്‍ക്ക് വീണ്ടും പ്രതീക്ഷ നൽകി. എന്നാല്‍ ആര്‍എംപി രമയെ തന്നെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസിനുള്ളില്‍ രഹസ്യ ചര്‍ച്ചകളും സജീവമായി.
പ്രത്യക്ഷത്തില്‍ രമയേയും ആര്‍എംപിയേയും എതിര്‍ക്കാതെയും തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് പൂര്‍ണമായും വിട്ടുനില്ക്കാതെയുമുള്ള “ഓപ്പറേഷന്’ ആണ് ചിലര്‍ നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍എംപിക്കെതിരേ മത്സരരംഗത്തിറങ്ങിയ കോണ്‍ഗ്രസ് നേതാവ് ജയകുമാർ ഉള്‍പ്പെടെയുള്ളവരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ബന്ധപ്പെട്ടു.
എന്നാല്‍ ഈ ആവശ്യം ജയകുമാര്‍ അംഗീകരിച്ചില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പമേ നില്‍ക്കൂവെന്ന് ജയകുമാര്‍ അറിയിച്ചതോടെ ഇവര്‍ നീക്കം ഉപേക്ഷിച്ചു.
അസ്വാരസ്യം വോട്ടാക്കി മാറ്റാൻ എൽഡിഎഫ്
അതേസമയം കോണ്‍ഗ്രസിനുള്ളിലെ അസ്വാരസ്യം മനസിലാക്കിയ എല്‍ഡിഎഫ് കോണ്‍ഗ്രസ് വിമതരുടെ വോട്ടുകള്‍ പരമാവധി പെട്ടിയിലാക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
നേതൃത്വത്തിന്റെ തീരുമാനത്തോട് അഭിപ്രായവ്യത്യാസമുള്ളവരെ തേടി ഇടത് പാളയത്ത് നിന്ന് ഫോണ്‍കോളുകളും എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് കണക്കുകൂട്ടിയ വോട്ടുകളില്‍ വിള്ളലുണ്ടാവുമോയെന്ന ആശങ്ക ശക്തമായത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജെഡിഎസ് നേതാവ് സി.കെ. നാണുവാണ് വടകരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
സി.കെ. നാണു 49,211 വോട്ടുകളും മനയത്ത് ചന്ദ്രന് 39,700 വോട്ടുകളും നേടിയപ്പോള്‍ ആര്‍എംപി സ്ഥാനാര്‍ഥിയായ രമയ്ക്ക് 20,504 വോട്ടാണ് ലഭിച്ചത്. യുഡിഎഫിന്റെ പിന്തുണയുണ്ടെങ്കില്‍ ഇത്തവണ വടകര സീറ്റ് പിടിച്ചെടുക്കാനാവുമെന്നാണ് ആര്‍എംപി കരുതുന്നത്.