തിരുവനന്തപുരം: കെ.കെ.രമ എംഎല്‍എയ്ക്കെതിരെ ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലുള്ള ഭീഷണിക്കത്ത് കഴിഞ്ഞ ദിവസം എംഎൽഎ ഹോസ്റ്റലിലാണ് ലഭിച്ചത്.
മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കരുതെന്ന് കത്തിൽ ഭീഷണി മുഴക്കുന്നു. മുഖ്യമന്ത്രിയ്ക്ക് എതിരെ സംസാരിക്കരുതെന്നും ഇനിയും സംസാരിച്ചാല്‍ ചിലത് ചെയ്യേണ്ടിവരുമെന്നും ഭരണം പോയാലും അത് ചെയ്യുമെന്നും കത്തിൽ മുന്നറിയിപ്പ് നല്കുന്നു.
പയ്യന്നൂരില്‍ കാണാമെന്നും കത്തിൽ പറയുന്നുണ്ട്.തുടര്‍ച്ചയായി മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളുടെ പേരിലാണ് കത്ത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, കെ.മുരളീധരന് എംപി, കെ.സി.വേണുഗോപാല്‍ എന്നിവരോട് സൂക്ഷിക്കാന്‍ പറയണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്. ഭീഷണിക്കത്ത് ലഭിച്ചതിനെത്തുടർന്ന് കെ.കെ.രമ ഡിജിപിയ്ക്ക് പരാതി നല്കി.
അതേസമയം ഭീഷണി കാര്യമാക്കുന്നില്ലെന്ന് കെ.കെ.രമ മാധ്യമങ്ങളോടു പറഞ്ഞു. പേടിപ്പെടുത്താന്‍ വേണ്ടി പറയുന്നതാണ്.
കണ്ണൂരില്‍ നിന്നാണ് വന്നിട്ടുള്ളത്, പയ്യന്നൂര്‍ സഖാക്കളെന്നാണ് കത്തിലുള്ളത്. കത്തിന് പിന്നില്‍ സഖാക്കളായിരിക്കാം, അതില്‍ ഒരു തര്‍ക്കവുമില്ല- കെ.കെ.രമ പറഞ്ഞു.
ഇടതുപക്ഷത്തിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സംസാരിക്കരുതെന്നാണ് കത്തിലെ ഭീഷണി. ഇതുപോലെ നേരത്തെയും കത്തുകള്‍ ലഭിച്ചിട്ടുണ്ട്.
ഇതിലൊന്നും ഭയന്നുപോകുന്നവരല്ല ഞങ്ങള്‍. ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. കത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് അന്വഷിച്ച് കണ്ടെത്തട്ടെയെന്നും കെ.കെ.രമ പറഞ്ഞു.