കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ വീണ്ടും ആഞ്ഞടിച്ച് ആര്‍എംപിഐ നേതാവും ടി.പിയുടെ ഭാര്യയുമായ കെ.കെ. രമ എംഎൽഎ രംഗത്തെത്തിയതോടെ സിപിഎം കനത്ത പ്രതിരോധത്തിൽ. ആറിത്തണുത്തുവെന്നു സിപിഎം കരുതിയ കേസ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വീണ്ടും സജീവമായിരിക്കുകയാണ്. ലോക്സഭാതെരഞ്ഞെടുപ്പ് അടുത്തിരിക്കേ വിഷയം യുഡിഎഫ് നേതാക്കൾ ഏറ്റെടുത്തുകഴിഞ്ഞു.
പുതിയ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ സുപ്രീം കോടതിയിലേക്ക് പോകാനുള്ള തയാറെടുപ്പിലാണു ആര്‍എംപിഐ. കരുത്തുറ്റ സ്ഥാനാര്‍ഥിയെ നിര്‍ത്തി വടകര ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കാമെന്ന സിപിഎം മോഹങ്ങള്‍ക്ക് ഇപ്പോഴുയര്‍ന്നിരിക്കുന്ന വിവാദങ്ങള്‍ തിരിച്ചടിയാണ്.
കോഴിക്കോടുള്ള ടി.പിയെ കൊല്ലാൻ കണ്ണൂരില്‍നിന്ന് ആളെത്തിയത് സിപിഎം ആസൂത്രണത്തിന് തെളിവാണെന്നാണ് കെ.കെ. രമ പറയുന്നത്. ടി.പി. ചന്ദ്രശേഖരൻ വധം വി.എസ്. അച്യുതാനന്ദനു കൂടിയുള്ള സിപിഎമ്മിന്റെ താക്കീതായിരുന്നുവെന്നും രമ ആരോപിച്ചു. വധഗൂഢാലോചനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് എടുത്തു പറഞ്ഞ രമ, ഫോണ്‍ വിവരങ്ങളില്‍ അടക്കം തെളിവുകള്‍ കിട്ടാൻ സിബിഐ അന്വേഷണം വേണമെന്നും അതിനായി ശ്രമം തുടരുകയാണെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ടി.പി. കേസില്‍ സിബിഐ വരുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ടി.പി. കേസില്‍ സിബിഐ അന്വേഷണ സാധ്യത ഇനിയും അടഞ്ഞിട്ടില്ലെന്നാണ് മുന്‍ ആഭ്യന്തരമന്ത്രി കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. ഗൂഢാലോചന നടത്തിയവരെ മുഴുവന്‍ പുറത്തുകൊണ്ടുവരണമെന്നാണ് ആര്‍എംപിഐ നിലപാട്.
ടി.പി. കേസില്‍ രണ്ടു സിപിഎം നേതാക്കളെക്കൂടി കുറ്റക്കാരാണെന്നു കണ്ടെത്തിയ ഹൈക്കോടതി 26ന് പറയാനിരിക്കുന്ന ശിക്ഷാവിധി നിർണായകമാണ്. സിബിഐ എത്തിയാലും ഇല്ലെങ്കിലും ആര്‍എംപിഐയുടെ ശക്തികേന്ദ്രമായ വടകരയില്‍ ടി.പി.ഫാക്ടര്‍ വലിയ പ്രതിഫലനം സൃഷ്ടിക്കുമെന്നുറപ്പാണ്. 2009, 2014 വര്‍ഷങ്ങളില്‍ മുല്ലപ്പള്ളിയും 2019-ല്‍ കെ. മുരളീധരനും ജയിച്ചുകയറിയത് ആര്‍എംപിഐ വോട്ടുകള്‍ കൂടി ലഭിച്ചതുകൊണ്ടാണ്. ഇതാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നതും.
സ്വന്തം ലേഖകന്‍