സ്വന്തം ലേഖകന്‍
കോഴിക്കോട്: കെ.കെ.രമയ്ക്കെതിരേയുള്ള ശക്തമായ നിലപാടില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ടുപേകാതെ സിപിഎം.
എളമരം കരീം തുടങ്ങി വച്ച പ്രസ്താവനാ ആക്രമണം ഏറ്റുപിടിച്ച് ഇന്നലെ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനും രംഗത്തെത്തിയതോടെ ഒഞ്ചിയത്തെ രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാകുകയാണ്.
കെ.കെ.രമയ്ക്ക് കഴിഞ്ഞ കാലത്തൊന്നും നേരിട്ട് മറുപടി പറയാതിരുന്ന സിപിഎം ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ പ്രതിയായിരുന്ന സി.എച്ച്. അശോകന്റെ അനുസ്മരണത്തോടെയാണ് ഇതില്‍ മാറ്റം വരുത്തിയത്.
എളമരം കരീം എംപിയാണ് കെ.കെ.രമയുടെ എംഎല്‍എ സ്ഥാനം രക്തസാക്ഷികളെ ഒറ്റികൊടുത്തതാണെന്ന പരാമര്‍ശവുമായി രംഗത്തെത്തിയത്. ഇതിനെതിരേ ഫേസ്ബുക്ക് പോസ്റ്റിലൂടെയും നേരിട്ടും ആര്‍എംപിയും കെ.കെ.രമയും രംഗത്തെത്തി.
രക്തസാക്ഷികളെയും പതാകയേയും ഒറ്റുകൊടുത്തത് സിപിഎം ആണെന്നും കരാര്‍ തൊഴിലാളിയായിരുന്ന കരീം എങ്ങിനെ ഇവിടം വരെ എത്തിയെന്ന് തനിക്കാറിയാമെന്നും രമ മറുപടി നല്കി.
എന്നാല്‍ അതിനുശേഷം എംഎല്‍എയെ വിമര്‍ശിച്ച് സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി.പി. ബിനീഷും രംഗത്തെത്തി.
ഒഞ്ചിയത്തെ വിപ്ലവ പാരമ്പര്യത്തെ ഒറ്റുകൊടുത്തതിന് യുഡിഎഫ് നല്കിയ പാരിതോഷികമാണ് രമയുടെ വടകര എംഎല്‍എ സ്ഥാനമെന്ന് ബിനീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.
ഇതിനു തുടര്‍ച്ചയെന്നോണമാണ് ജില്ലാ സെക്രട്ടറിയും രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കെതിരേ വിവിധ വിഷയങ്ങളില്‍ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രസ്താവനകള്‍ നടത്തിയതോടെയാണ് കെ.കെ. രമയ്ക്കെതിരേയുള്ള പ്രസ്താവനയുദ്ധം സിപിഎം ആരംഭിച്ചിരിക്കുന്നത്.
ഒറ്റിന്റെ പ്രതിഫലമെന്ന്…
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷവും പിന്നീടുണ്ടായ രാഷ്ട്രീയ കൊലാഹലങ്ങള്ക്കിടയിലും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ വിജയിച്ചുകയറിയപ്പോഴും ആര്എംപിഐക്കെതിരേ ശക്തമായ ആരോപണം ഉയര്‍ത്തിയതല്ലാതെ കെ.കെ.രമയെ സിപിഎം വ്യക്തിപരമായി ആക്രമിച്ചിരുന്നില്ല.
അതിനാണ് സമീപകാലത്തായി മാറ്റം വന്നിരിക്കുന്നത്. ഒഞ്ചിയത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഒറ്റുകാരായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം തന്നെയാണ് കെ.കെ. രമയ്ക്ക് ലഭിച്ച എംഎല്‍എ സ്ഥാനമെന്ന നിലപാടാണ് സിപിഎം ആവര്‍ത്തിക്കുന്നത്.