തിരുവനന്തപുരം: നിയസഭ അക്രമത്തിൽ പരിക്കേറ്റ തന്റെ പരാതിയിൽ ഇതുവരെ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ലെന്നും ഈ പശ്ചാത്തലത്തിൽ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും കെ.കെ. രമ എംഎൽഎ.
നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്നിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനു പിന്നാലെയുണ്ടായ അക്രമത്തിൽ കെ.കെ. രമയ്ക്കു പരിക്കേറ്റിരുന്നു.
ഇതിനു പിന്നാലെ കെ.കെ. രമ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പരാതിയിൽ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചില്ല.
മൊഴി രേഖപ്പെടുത്താൻ പോലും പോലീസ് തയാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി വീണ്ടും മ്യൂസിയം സ്റ്റേഷനിലും പോലീസ് കമ്മീഷണർക്കും തുടർ പരാതി നൽകിയെങ്കിലും ആ പരാതികളിലും നടപടിയുണ്ടയില്ലെന്നും രമ അറിയിച്ചു.
നിയമസഭാ അക്രമണത്തിനു പിന്നാലെ കെ.കെ . രമയുടെ കൈയ്ക്ക് ഏറ്റ പരിക്ക് വ്യാജമാണോ എന്ന് ധ്വനിപ്പിക്കുന്ന തരത്തിൽ കെ.എം. സച്ചിൻദേവ് എംഎൽഎ രമയുടെ ചിത്രമടക്കം ചേർത്തു കൊണ്ട് ഫേസ്ബുക്കിൽ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതായി ചൂണ്ട ിക്കാട്ടി എംഎൽഎ സൈബർ പോലീസിനും പരാതി നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിലും നടപടിയൊന്നും പോലീസ് സ്വീകരിച്ചില്ലെന്നും എംഎൽഎ വ്യക്തമാക്കി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി നടക്കുന്ന അതിക്രമങ്ങളിൽ അതിവേഗം നടപടി സ്വീകരിക്കണമെന്ന ഉത്തരവ് നിലനിൽക്കെ പോലീസും സർക്കാരും കാണിക്കുന്ന ഈ അലംഭാവം ചോദ്യം ചെയ്യപ്പെടേണ്ട താണെന്നും എംഎൽഎ പറഞ്ഞു.