കോഴിക്കോട് : ടി.പി.ചന്ദ്രശേഖരന്റെയും വടകര എംഎല്‍എ കെ.കെ രമയുടെയും മകന് അഭിനന്ദിനെയും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനേയും വധിക്കുമെന്ന ഭീഷണിക്കത്ത് പോസ്റ്റ് ചെയ്തത് വടകരയില്‍ നിന്നാണെന്ന് കണ്ടെത്തല്‍.
വടകര സിഐ കെ.എസ്.സുശാന്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വടകര നട്ട്സ്ട്രീറ്റില് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തിയത്. 13 നാണ് കത്ത് പോസ്റ്റ് ചെയ്തത്. പോസ്റ്റ് ഓഫീസില്‍ നിന്ന് പതിച്ച സീലില്‍ സ്ട്രീറ്റ് എന്ന് മാത്രമായിരുന്നു തെളിഞ്ഞു കണ്ടത്.
ഇതുപ്രകാരം കോഴിക്കോട് എസ്എം സ്ട്രീറ്റില്‍ നിന്ന് കത്ത് പോസ്റ്റ് ചെയ്തതാണെന്ന് ആദ്യം കരുതി. എന്നാല്‍ അന്വേഷണസംഘം വിശദമായി പരിശോധിച്ചതോടെയാണ് വടകരയില്‍ നിന്നാണെന്ന് വ്യക്തമായത്. പോസ്റ്റ് ബോക്സുള്ള മേഖലകളിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
അതേസമയം 2014 മെയ് മൂന്നിന് എന്‍. വേണുവിനെ വധിക്കുമെന്ന ഭീഷണിപ്പെടുത്തിയ കത്ത് ലഭിച്ചിരുന്നു. ഇതില്‍ എടച്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും കത്തയച്ചത് ആരാണെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ഈ കത്തിലും ഇപ്പോള്‍ ലഭിച്ച കത്തിലുള്ളതിന് സമാനമായ രീതിയിലുള്ള കാര്യങ്ങളാണ് പറഞ്ഞിരുന്നത്.
നിലവിലെ സാഹചര്യത്തില്‍ ഈ രണ്ട് കത്തുകളും സംബന്ധിച്ച് വിശദമായി അന്വേഷണം നടത്തണമെന്നും പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും വടകര എസ്പിയോട് ആര്‍എംപിഐ നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു കത്തുകളിലുമുള്ള കൈയക്ഷരം ഒന്നാണോയെന്ന് പോലീസ് പരിശോധിക്കും.
ഇക്കഴിഞ്ഞ 15 നാണ് കെ.കെ.രമ എംഎല്‍എയുടെ ഓഫീസ് വിലാസത്തില്‍ ഭീഷണിക്കത്ത് ലഭിച്ചത്. റെഡ് ആര്‍മി കണ്ണൂര്‍, പിജെ ബോയ്സ് എന്ന പേരിലാണ് കത്തെഴുതിയത്. “സിപിമ്മിനെതിരേ മാധ്യമങ്ങളില്‍ വന്ന് ചര്‍ച്ച ചെയ്ത ചന്ദ്രശേഖരനെ ഞങ്ങള്‍ 51 വെട്ടിയാണ് തീര്‍ത്തത്.
അതുപോലെ 100 വെട്ടി തീര്‍ക്കും. എംഎല്‍എ കെ.കെ.രമയുടെ മകനെ അധികം വളര്‍ത്തില്ല. അവന്റെ മുഖം പൂക്കുല പോലെ നടുറോഡില്‍ ചിന്നിചിതറും എന്നിങ്ങനെയായിരുന്നു ഭീഷണി.