വടകര: കോവിഡ് കാലത്തെ രാഷ്ട്രീയ സംവാദ മണ്ഡലത്തിലും സ്ത്രീവിരുദ്ധമായ, ആണത്ത രാഷ്ട്രീയത്തിന്റെ അക്രമ മനോഭാവങ്ങൾ അഴിഞ്ഞാടുകയാണെന്ന് ആക്ഷേപം. ഇതിനെതിരെ പ്രതിഷേധം ഉയരണമെന്ന് ആർഎംപിഐ നേതാവ് കെ.കെ. രമ പറഞ്ഞു.
കഴിഞ്ഞ ദിവസം ആലത്തൂർ എംപി രമ്യ ഹരിദാസിന്റെ ടെലിവിഷൻ ചർച്ച എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചായിരുന്നു അപവാദ പ്രചരണം. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന്റെ മത്സര രംഗത്തു വന്നതു മുതൽ സ്ത്രീ എന്ന നിലയിലും കലാകാരി എന്ന നിലയിലും വലിയ പരിഹാസത്തിനാണവർ പാത്രമായത്.
സാധാരണ പ്രവർത്തകരോ മുഖമില്ലാത്ത ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ടുകളോ അല്ല, ഇടതുമുന്നണിയുടെ കണ്‍വീനർ തന്നെ അവരെ അധിക്ഷേപിച്ചത് കേരളം കണ്ടു. ഇടതുപക്ഷത്തിന്റെ കോട്ട എന്ന നിലയിൽ നിന്ന് ആലത്തൂരിൽ അവർ നേടിയ വിജയം സിപിഎമ്മുകാരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്.
അതിന്റെ കൂടി ഫലമാണ് വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തുള്ള ഈ പ്രചാരണം. ഇന്നലെ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയാണ് വ്യാപകമായ സൈബർ ആക്രമണത്തിന് വിധേയായത്. കശുവണ്ടി വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രിയെ ദുഃസൂചനകൾ വച്ച് അധിക്ഷേപിക്കുകയായിരുന്നു.
പതിറ്റാണ്ടുകളുടെ സമര- സംഘടനാ പ്രവർത്തന പാരന്പര്യമുള്ള പൊതു പ്രവർത്തകയാണവർ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും പ്രകടിപ്പിക്കേണ്ടത് വ്യക്ത്യധിക്ഷേപം നടത്തിയിട്ടല്ല.
‘കുണ്ടറ അണ്ടിയാപ്പീസ്’ എന്ന പരാമർശം പരിഹാസമായി കരുതുന്നവർ സ്ത്രീവിരുദ്ധത മാത്രമല്ല, തൊഴിലാളി വർഗ വിരുദ്ധതയുടെ ജീർണ മനോഭാവം കൂടി പേറുന്നവരാണെന്നു രമ പറഞ്ഞു.