ഏതാനും മാസം കേരളത്തെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു ശബരിമല യുവതി പ്രവേശം. സിപിഎം പിന്തുണയോടെ രണ്ടു യുവതികള്‍ മല കയറിയത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കേണ്ട എന്ന നിലപാട് ബിജെപിയും കോണ്‍ഗ്രസുമെടുത്തപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്.
ഇപ്പോള്‍ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമലയെന്നും അങ്ങനെ പോകുന്നത് സംഘര്‍ഷം ഉണ്ടാക്കാനേ ഉപകരിക്കൂ എന്നും അവര്‍ ഒരു മലയാളം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അങ്ങനെ പോകുന്നവര്‍ക്ക് വേറെയും ക്ഷേത്രങ്ങളുണ്ട്. ശബരിമല അതിനുള്ള ഇടമല്ലെന്നും അവര്‍ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാണ്. സ്ത്രീകള്‍ അശുദ്ധിയുള്ളവരാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. സ്ത്രീകള്‍ മലകയറുന്നതില്‍ അയ്യപ്പന് കോപം ഉണ്ടാവുകയില്ല. ഏതെങ്കിലും സ്ത്രീക്ക് അയ്യപ്പനെ കാണാന്‍ അതിയായ ആഗ്രഹമുണ്ടെങ്കില്‍ അതിനെ തടയരുത്. അവര്‍ മനസമാധാനത്തോടെ പോയി തൊഴുത് വരട്ടെ. എന്നാല്‍ അവകാശം സ്ഥാപിക്കാനായി ഇടിച്ചുതള്ളി പോവുകയാണെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. സംഘര്‍ഷമുണ്ടാക്കാനേ ഇത് ഉപകരിക്കൂ. ശബരിമലയില്‍ പോകാന്‍ ഭരണഘടനാപരമായി അവകാശം ഉണ്ടായിരിക്കും.
പക്ഷേ അതിന്റെ പേരില്‍ ചാടിപ്പുറപ്പെടണോയെന്ന് ചിന്തിക്കണം. അങ്ങനെ അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമല. അങ്ങനെ പോകേണ്ടവര്‍ക്ക് വേറെയും ക്ഷേത്രങ്ങളുണ്ട്. ശബരിമല അതിനുള്ള ഇടമല്ലെന്നും അവര്‍ വ്യക്തമാക്കി. അയ്യപ്പനെ മാത്രമല്ല, ഗുരുവായൂരപ്പനെ കാണാന്‍ ആഗ്രഹമുള്ള അന്യമതക്കാരനെ അതിന് അനുവദിക്കണമെന്നാണ് തന്റെ നിലപാട്. യേശുദാസിന്റെ പാട്ട് കേള്‍ക്കാം, അദ്ദേഹത്തിന് ദേവനെ കാണാന്‍ അനുവാദമില്ലെന്ന് പറയുന്നത് ശരിയല്ലല്ലോയെന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി.