റെനീഷ് മാത്യു
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പിജി സിലബസിൽ മുൻ മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റിയംഗവുമായ കെ.കെ. ശൈലജയുടെ ആത്മകഥയും. എംഎ ഇംഗ്ലീഷ് കോഴ്സിലാണ് കെ.കെ. ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയത്.
“മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പേരിലാണ് ആത്മകഥ സിലബസിൽ ഉൾപ്പെട്ടിട്ടുള്ളത്. നിയമപരമല്ലാത്ത അഡ്ഹോക് കമ്മിറ്റി ചട്ട വിരുദ്ധമായി രൂപീകരിച്ച വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്ന സിലബസിലാണ് ആത്മകഥ കടന്നുകൂടിയത്.
സർവകലാശാലയുടെ സീൽ, ഉത്തരവാദിത്തപ്പെട്ടവരുടെ ഒപ്പ് എന്നിവ ഇല്ലാതെ, വെബ്സൈറ്റിൽ വരുന്നതിനുമുമ്പ് പിജി സിലബസ് വാട്സാപ്പ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും വന്നത് വിവാദമായിരുന്നു.
അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പുകളിലാണ് സിലബസ് വന്നിരിക്കുന്നത്. പ്രചരിക്കുന്ന സിലബസ് ഉപയോഗിച്ച് അധ്യാപകർക്ക് ക്ലാസ് എടുക്കുവാനും നിർദേശമുണ്ട്. എന്നാൽ, ഔദ്യോഗിക വെബ്സൈറ്റിൽ സിലബസ് ഇതുവരെ പ്രസിദീകരിച്ചിട്ടില്ല.
ബിജെപി സർക്കാർ ദേശീയ വിദ്യാഭ്യാസ നയം കാവിവത്കരിക്കുകയാണെന്ന് നിരന്തരം ആരോപണം ഉയർത്തുന്ന ഇടതുപക്ഷം വൈസ് ചാൻസിലറുടെ സഹായത്തോടെ കണ്ണൂർ സർവകലാശാലയിൽ ചുവപ്പുവത്കരണം നടത്തുകയാണെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ ആരോപണം.
ഇത്തരം ആത്മകഥകൾ പാർട്ടി ക്ലാസുകളിൽ മാത്രം പഠിപ്പിച്ചാൽ മതിയെന്നും സർവകലാശാലയുടെ കരിക്കുലം മൊത്തം പാർട്ടിക്ക് അടിയറവയ്ക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് കെപിസിടിഎ രംഗത്ത് വന്നിട്ടുണ്ട്.