തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള കോളജുകളിലെ സിലബസിൽ മുൻമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ.കെ. ശൈലജയുടെ ആത്മകഥ ഉൾപ്പെടുത്തിയ സംഭവം പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ.
സിലബസിൽ പുസ്തകം ഉൾപ്പെടുത്തിയതിനെതിരെ എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ രംഗത്ത് വന്നത് ഇതിന്റെ തെളിവായിരുന്നു.
പുസ്തകം സിലബസിൽ ഉൾപ്പെടുത്തിയത് വിവാദമായതോടെ സിപിഎം പാർട്ടിയോഗവും വിഷയം ചർച്ച ചെയ്തിരുന്നു.
എന്നാൽ പുസ്തകം സർവകലാശാലയുടെ സിലബസിൽ ഉൾപ്പെടുത്തിയത് തന്റെ അനുമതിയൊ സമ്മതമൊ ഇല്ലാതെയായിരുന്നുവെന്നാണ് കെ.കെ.ശൈലജ പാർട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് സർവകലാശാല അധികൃതർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
എംഎ ഇംഗ്ലീഷ് സിലബസിലാണ് കെ.കെ. ശൈലജയെക്കുറിച്ചുള്ള പുസ്തകം ഉൾപ്പെടുത്തിയത്. സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനോട് വിശദീകരണം ചോദിച്ചിരുന്നു.
അദ്ദേഹം അവധിയിലാണ്. അവധികഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം അക്കാദമിക് കൗണ്‍സിൽ കൂടി വിഷയം ചർച്ച ചെയ്യും. കണ്ണൂരിൽ ചില നേതാക്കൾ വ്യക്തിപൂജ പ്രോത്സാഹിപ്പിക്കുന്നുവെന്ന പരാതികൾ പാർട്ടി നേതൃത്വത്തിനോട് നേരത്തെ ലഭിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് പി. ജയരാജനെ ഉൾപ്പെടെ പാർട്ടി നേരത്തെ ശാസിച്ചത്. ആദ്യ പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച കെ.കെ. ശൈലജയെ രണ്ടാം പിണറായി മന്ത്രിസഭയിൽ ഉൾപ്പെടുത്താതിരുന്നതും നേരത്തെ ചർച്ചയായിരുന്നു.
റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച കെ.കെ.ശൈലജയ്ക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു.