പിപിഇ കിറ്റ് മൂന്നിരട്ടി വിലയ്ക്ക് വാങ്ങി അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ പ്രതികരണവുമായി രംഗത്ത്.
പിപിഇ കിറ്റുകള്‍ കൂടിയ വിലയ്ക്ക് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നാണ് ശൈലജ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ആരോഗ്യപ്രവര്‍ത്തകരുടെ ജീവന് അപകടത്തിലാകുന്നത് തടയുക എന്നത് പരിഗണിച്ചാണ് 500 രൂപയുടെ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്.
50,000 കിറ്റുകള്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്കി. എന്നാല്‍, 15,000 കിറ്റുകള്‍ കിട്ടിയപ്പോഴേയ്ക്കും പിപിഇ കിറ്റിന്റെ വില കുറഞ്ഞുവെന്നും ബാക്കി ഓര്‍ഡര്‍ റദ്ദാക്കിയെന്നും കുവൈത്തില്‍ നടന്ന പൊതു പരിപാടിയില്‍ ശൈലജ ന്യായീകരിച്ചു.
ശൈലജയുടെ വാക്കുകള്‍ ഇങ്ങനെ…വിഷയം ഞാന്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. മുഖ്യമന്ത്രി പറഞ്ഞു എവിടെ കിട്ടിയാലും വാങ്ങി ശേഖരിക്കണം. പക്ഷേ ക്വാളിറ്റിയും നോക്കണം.
മാര്‍ക്കറ്റില്‍ കണ്ടമാനം ബിസിനസുകാര്‍ വില വര്‍ധിപ്പിച്ചു. ഒരു പിപിഇ കിറ്റിന് 1500 രൂപ. 500ന് കിട്ടിക്കൊണ്ടിരുന്ന സാധനമാണ്. ഇത് വാങ്ങണോ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു.
പൈസയൊന്നും നോക്കണ്ട ആളുകളുടെ ജീവനല്ലേ വലുത്. പിന്നെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് അനുസരിച്ച് ബാക്കിയെല്ലാം ഒഴിവാക്കിക്കൊണ്ട് ഇത്തരം കാര്യങ്ങള്‍ ശേഖരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
അങ്ങനെ 50,000 പിപിഇ കിറ്റ് 1500 രൂപവെച്ച് വാങ്ങാന്‍ ഗവണ്മെന്റ് തീരുമാനിച്ചു. അതില്‍ 15,000 കിട്ടി. അപ്പോഴേയ്ക്കും കിറ്റുകള്‍ മാര്‍ക്കറ്റില്‍ വരാന്‍ തുടങ്ങി.
വില കുറഞ്ഞു. അതോടെ ബാക്കി 35,000-ന്റെ ക്യാന്‍സല്‍ ചെയ്തു. പിന്നെ മാര്‍ക്കറ്റില്‍ വരുന്ന വിലയ്ക്ക് വാങ്ങി. ശൈലജ പറഞ്ഞു.
ഇതിനെയാണ് ഇപ്പോഴും പ്രതിപക്ഷം 500 രൂപയ്ക്ക് കിട്ടുന്ന പിപിഇ കിറ്റ് 15,00 രൂപയ്ക്ക് വാങ്ങി വലിയ അഴിമതിയെന്നൊക്കെ പറയുന്നതെന്നും ശൈലജ പറഞ്ഞു.
പൂവുകള്‍ക്കൊപ്പം മുള്ളുകളും ഉണ്ടാവുമെന്നും ഇതൊന്നും പ്രശ്നമല്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. പിപിഇ കിറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ലോകായുക്ത നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് പരോക്ഷ മറുപടിയുമായി ശൈലജ രംഗത്തെത്തിയത്.