ചാരുംമൂട് : മാവേലിക്കര നിയമസഭ മണ്ഡലത്തിൽ പരാജയപ്പെട്ട യു ഡി എഫ് സ്ഥാനാർത്ഥിയും ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ കെ കെ ഷാജു കെ പി സി സി വൈസ് പ്രസിഡന്റുകൂടിയായ കൊടിക്കുന്നിൽ സുരേഷ് എം പിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത്.
പരാജയപ്പെട്ടത്തിന് തൊട്ട് പിന്നാലെ ഷാജു ഫേസ്ബുക്കിൽ തന്റെ പരാജയം കൊടിക്കുന്നിലിന് സമർപ്പിക്കുന്നതായി പോസ്റ്റിട്ടു. എന്റെ തോൽവി പ്രിയപ്പെട്ട എംപി കൊടിക്കുന്നിലിന് സമർപ്പിക്കുന്നു.വിജയം വിജയം തന്നെ.പരാജയം ശിരസ്സ്നമിച്ച് അംഗീകരിക്കുന്നു.
വിജയിക്കു പിന്നിൽപ്ര വ ർത്തിച്ചവരെയും, പരാജയപ്പെട്ട എനിക്ക് വേണ്ടി പ്രവർത്തിച്ചവരെയും പ്രത്യേകം അഭിനന്ദിക്കുന്നു എന്നാണ് പോസ്റ്റിട്ടത്. പോസ്റ്റ് മാവേലിക്കരയിൽ യു ഡി എഫിനുള്ളിൽ വലിയ ചർച്ച ആയിരിക്കുകയാണ്.കാലുവാരി തോൽപ്പിച്ചു എന്ന ആരോപണമാണ് ചിലർ ഉയർത്തുന്നത്.
മാവേലിക്കരയിൽ ആദ്യം മുതൽ തന്നെ മണ്ഡലത്തിന് പുറത്ത് നിന്നൊരാളെ മത്സരിപ്പിക്കാൻ കൊടിക്കുന്നിൽ ശ്രമിച്ചെന്നും ഷാജു ആരോപിച്ചിരുന്നു. സി പി എമ്മും ബി ജെ പി യും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയെങ്കിലും തൻറെ സ്ഥാനാർത്ഥിത്വം തീരുമാനം ആയില്ലെന്നും ഡൽഹി ചർച്ചയിൽ ഒടുവിൽ ആണ് സീറ്റ് ലഭിച്ചതെന്നും ഷാജു ആരോപിക്കുന്നു.
മാവേലിക്കരയിൽ എൽ ഡി എഫിലെ എം എസ് അരുൺകുമാറാണ്24 717 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്.തുടർച്ചയായ രണ്ടുതവണ എം എൽ എ ആയ ആർ രാജേഷിനെ മാറ്റി സി പി എം എസ് എഫ് ഐ നേതാവായിരുന്ന അരുൺകുമാറിനെ കളത്തിലിറക്കുകയായിരുന്നു .
2016 ൽ കോൺഗ്രസിലെ ബൈജു കലാശാലയെ 31,542 വോട്ടുകൾക്കാണ് രാജേഷ് പരാജയപ്പെടുത്തിയത്. ഇത്തവണ പക്ഷെ എൽ ഡി എഫിന് ഭൂരിപക്ഷം കുറവാണ്. മണ്ഡലം മാറി മാറി മത്സരിച്ച കെ കെ ഷാജു മൂന്നാം തവണയാണ് പരാജയപ്പെടുന്നത്.
https://www.facebook.com/kkshaju.exmla (ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം)
ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല : കൊടിക്കുന്നിൽ
ചാരുംമൂട് : മാവേലിക്കരയിലെ പരാജയത്തിൻറ്റെ ഉത്തരവാദിത്വം തനിക്ക് സമർപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട് രംഗത്ത് വന്ന കെ കെ ഷാജുവിൻറ്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി രാഷ്രദീപികയോട് പറഞ്ഞു.
പരാതിയുണ്ടെങ്കിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് സമിതി പരിശോധിക്കും. മാവേലിക്കരയിൽ യു ഡി എഫ് വിജയത്തിനായി പാർട്ടിയും പ്രവർത്തകരും നേതാക്കന്മാരും ആത്മാർത്ഥമായ പ്രവർത്തനമാണ് നടത്തിയത്.
സംസ്ഥാനത്ത് ഒട്ടാകെ ഉണ്ടായ തരംഗത്തിൽ മാവേലിക്കരയും യു ഡി എഫിന് നഷ്ടമാവുകയാണുണ്ടായത്.മറിച്ചുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കൊടിക്കുന്നിൽ പറഞ്ഞു.