ജനുവരി 30 കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ഒരു ദിവസമാണ്. ഇന്ത്യയില്‍ തന്നെ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് അന്നാണ്.
ചൈനയിലെ വുഹാനില്‍ 2019 ഡിസംബര്‍ അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കൊറോണ വൈറസ് (നോവല്‍ കൊറോണ വൈറസ് 2019) കൊറോണ കുടുംബത്തില്‍പ്പെട്ട (സാര്‍സ്, മെര്‍സ്) വൈറസുകളുടെ ഒരു വകഭേദമായിരുന്നു.
ഇതിന് പകര്‍ച്ചാശേഷി വളരെ കൂടുതലാണെന്നും പതിനായിരക്കണക്കിന് മനുഷ്യരുടെ മരണ കാരണമാകുമെന്നു ഡബ്ല്യു എച്ച്ഒ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇങ്ങനെയൊരു മുന്നറിയിപ്പ് ജനുവരി രണ്ടാം വാരത്തോടെ കണ്ടതോടെ കേരളത്തില്‍ കോവിഡ് പ്രതിരോധത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ തുടങ്ങിയിരുന്നു.
കണ്ട്രോള് റൂമുകള്‍ തുറക്കുകയും വിപുലമായ പരിശീലന പരിപാടികള്‍ ആരംഭിക്കുകയും ആവശ്യമായ മനുഷ്യവിഭവശേഷി ഒരുക്കിക്കൊണ്ട് പ്രതിരോധനിര തീര്‍ക്കുകയും ചെയ്തു.
ഈ മുന്നൊരുക്കങ്ങള്‍ ഒന്നാംഘട്ടത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കുറയ്ക്കാനും മരണനിരക്ക് കുറയ്ക്കാനും സഹായകമായി.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നില്‍ പ്രധാനപ്പെട്ട മൂന്നു വെല്ലുവിളികള്‍ നേരിടുന്ന സംസ്ഥാനമാണ് കേരളം. ഒന്ന് നമ്മുടെ വളരെ ഉയര്‍ന്ന ജനസാന്ദ്രതയാണ്.
കേരളത്തിന്റെ ജീവിതശൈലീരോഗ വ്യാപനമാണ് മറ്റൊന്ന്. കോവിഡ്19 വ്യാപനത്തില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് കേരളത്തിലാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ശ്രദ്ധേയമായ ഇടപെടലിന്റെ ഫലമായിട്ടാണ് നമുക്ക് മരണനിരക്ക് വളരെ കുറയ്ക്കാന്‍ സാധിച്ചത്.
ലോകാരോഗ്യ സംഘടനയും ആരോഗ്യ രംഗത്തെ മറ്റേജന്‍സികളും മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാന്‍ കഴിഞ്ഞാല്‍ നേട്ടമാകുമെന്ന് സൂചിപ്പിച്ചപ്പോള്‍ നമുക്ക് മരണനിരക്ക് 0.4 ആയി കുറയ്ക്കാന്‍ സാധിച്ചു.
ഇതാണ് ലോക രാഷ്ട്രങ്ങളുടേയും അന്താരാഷ്ട്ര സംഘടനകളുടേയും അഭിനന്ദനത്തിനു പാത്രമാകാന്‍ സഹായിച്ചത്. ലോക്ക് ഡൗണ്‍ എടുത്തുകളഞ്ഞപ്പോള്‍ യാത്ര വിലക്ക് നീങ്ങുകയും ആളുകളുടെ സഞ്ചാരവും കൂട്ടായ്മയുമെല്ലാം വര്‍ധിക്കുകയും ചെയ്തു.
ഈ ഘട്ടത്തില്‍ അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും ഒരാളില്‍ നിന്നു മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയാന്‍ ഓരോ വ്യക്തിയും തയ്യാറായാല്‍ മാത്രമേ രോഗ പകര്‍ച്ച തടയാന്‍ കഴിയുമായിരുന്നുള്ളൂ. ആയത് വേണ്ടത്ര പാലിക്കാത്തതിന്റെ ഫലമായാണ് രോഗപ്പകര്‍ച്ച കൂടിയത്.
എന്നാല്‍ സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും സമയോചിതവും സാഹസികവുമായ ഇടപെടലിലൂടെയാണ് കേസുകള്‍ ഇത്രയേറെ വര്‍ധിച്ചിട്ടും മരണ നിരക്ക് ആദ്യഘട്ടത്തിലെ 0.5 ശതമാനത്തില്‍ നിന്നും 0.4 ശതമാനമായി കുറയ്ക്കാന്‍ സാധിച്ചത്.
കോവിഡ് മഹാമാരി പിന്മാറുമ്പോള് ഒരു ചോദ്യമാണ് പ്രധാനമായി അവശേഷിക്കുക. എത്ര പേരുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞു എന്നത്. ഒരു ചെറിയ അശ്രദ്ധ ഉണ്ടായിരുന്നെങ്കില്‍ മരിച്ചുപോകുമായിരുന്ന പതിനായിരങ്ങളുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് കേരളത്തിന് ഇതേവരെയുണ്ടായിട്ടുള്ള നേട്ടം.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ഇടപെടലുകളും ആരോഗ്യ സംവിധാനങ്ങളും സേവനങ്ങളും ശക്തമാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ സമയബന്ധിതമായിട്ടുള്ള പ്രവര്‍ത്തനങ്ങളുമാണ് ഇതു സാധ്യമാക്കിയത്.
പ്രതീക്ഷയേറ്റി കോവിഡ് വാക്സിന്
കോവിഡ് വാക്സിന് അനുമതി ലഭിച്ചതു പ്രതീക്ഷ നല്കുന്നു. കേന്ദ്രം വാക്സിന് എത്തിക്കുന്ന മുറയ്ക്ക് മുന്‍ഗണനാ ക്രമമനുസരിച്ച് എല്ലാവര്ക്കും വാക്സിന് എത്തിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനായുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.
ഈ സന്ദര്‍ഭത്തില്‍ ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് വിവിധ വിഭാഗങ്ങളിലെ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു. എല്ലാവരിലും വാക്സിന് എത്തുന്നതുവരെ ഇനിയും ഈ പോരാട്ടം കുറച്ചുകാലം കൂടി തുടരേണ്ടതുണ്ട്.