സ്വന്തം ലേഖകൻ
കൊച്ചി: ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഇടപെട്ടു, ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടർന്നു മലപ്പുറം പെരിന്തൽമണ്ണയിൽനിന്ന് ഒരു ദിവസം പ്രായമുള്ള പെണ്കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ലിസി ആശുപത്രിയിലെത്തിച്ചു.
മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ കുഞ്ഞിന്റെ മാതാവിന്റെ സഹോദരൻ രോഗവിവരം അറിയിച്ചതിനു പിന്നാലെ സർക്കാർ ഇടപെടുകയും വിദഗ്ദ്ധ ചികിത്സ ഏർപ്പെടുത്തുകയുമായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന കുഞ്ഞിനെ ഇന്നു പുലർച്ചെ രണ്ടോടെയാണു കൊച്ചിയിലെത്തിച്ചത്.
പീഡിയാട്രിക് കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ നിരീക്ഷിച്ചുവരുന്നതായും ശസ്ത്രക്രിയ നടത്തുന്നതു സംബന്ധിച്ച വിദഗ്ധ പരിശോധനകൾക്കുശേഷം തീരുമാനമെടുക്കുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
ഹൃദയത്തിൽനിന്നു ശ്വാസകോശത്തിലേക്കു രക്തം എത്തിക്കുന്ന വാൽവ് ഇല്ലാത്തതിനാൽ ശ്വാസകോശത്തിലേക്കു രക്തയോട്ടമില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ഹൃദയത്തിൽ ഒരു ദ്വാരവും പരിശോധനയിൽ കണ്ടെത്തി. രക്തത്തിലെ ഓക്സിജന്റെ അളവ് കുറവാണ്. മരുന്നുകൾ നൽകിയാണു നിലവിൽ രക്തയോട്ടം നടത്തുന്നത്. ശ്വാസകോശത്തിലേക്കു രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയയാകും ആദ്യം നടത്തുകയെന്നും കൃത്രിമ വാൽവ് ഘടിപ്പിക്കുന്നതും ഹൃദയത്തിലെ ദ്വാരം അടയ്ക്കുന്നതും രണ്ടാം ഘട്ട ശസ്ത്രക്രിയയിലാകും ചെയ്യുകയെന്നും അധികൃതർ പറഞ്ഞു.
ഓക്സിജന്റെ അളവ് ശരിയായ നിലയിലാണെങ്കിൽ ആദ്യഘട്ട ശസ്ത്രക്രിയ ഇന്നുതന്നെ നടത്താനൊരുങ്ങുകയാണ് ഡോക്ടർമാർ. ഇന്നലെ രാവിലെ ഒൻപതരയോടെയാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ ഹൃദയവാൽവിനു തകരാർ കണ്ടെത്തിയതുമൂലം വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു.
കൊച്ചിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിലോ അല്ലെങ്കിൽ തിരുവനന്തപുരത്തോ എത്തിക്കാനായിരുന്നു ആദ്യം റഫർ ചെയ്തിരുന്നത്. തങ്ങളുടെ അന്വേഷണത്തിൽ നിലവിൽ അവിടെ അതിനുള്ള സാഹചര്യമില്ലാത്തതിനാൽ സഹായിക്കണമെന്നുമായിരുന്നു കുഞ്ഞിന്റെ മാതാവിന്റെ സഹോദരൻ മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ അറിയിച്ചത്. ഉടൻതന്നെ വിഷയത്തിൽ ഇടപെട്ട മന്ത്രി ഉന്നത ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച് പരിശോധിക്കാൻ നിർദേശം നൽകുകയും സംഭവം സത്യമാണെന്ന് മനസിലായതോടെ രാത്രിയിൽതന്നെ കൊച്ചിയിലേക്കു മാറ്റുകയുമായിരുന്നു.
മലപ്പുറം ജില്ലയിലെ എടക്കര സ്വദേശികളാണ് കുഞ്ഞിന്റെ കുടുംബം. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി നടത്താൻ കഴിയുമെന്നും മന്ത്രി അറിയിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ ഇടപെടലിനെക്കുറിച്ച് അറിഞ്ഞതോടെ നിരവധിപേരാണ് മന്ത്രിയെ പ്രശംസിച്ച് നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരിക്കുന്നത്.