കണ്ണൂർ: ആപ് കാ നാം ക്യാഹെ എന്ന ചോദ്യമുന്നയിച്ച് മന്ത്രി ടീച്ചറായപ്പോൾ എംപി ഉൾപ്പെടയുള്ളവർ കുട്ടികളായി. ജില്ലാ പഞ്ചായത്തിന്റെ ഇതര ഭാഷ പഠനപദ്ധതിയുടെ ഉദ്ഘാടനം നടന്ന ജില്ലാ പഞ്ചായത്ത് ഹാളായിരുന്നു വേദി.
ഇതര ഭാഷ പഠനപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷം മന്ത്രി കെ.കെ. ശൈലജ ഹിന്ദി ടീച്ചറായി മാറി. ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കൊപ്പം പി.കെ. ശ്രീമതി എംപിയും മന്ത്രിയുടെ കുട്ടിയായി അനുസരണയോടെ ഇരുന്നു.
പഞ്ചായത്തംഗങ്ങളോട് ഹിന്ദിയിൽ ചോദ്യം ചോദിച്ചാണ് ക്ലാസ് ആരംഭിച്ചത്. ഹിന്ദി പഠ്നാ ചാഹിയേ എന്ന മന്ത്രിയുടെ ചോദ്യത്തിനു മുന്നിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ പകച്ചു. പിന്നീട് മന്ത്രി തന്നെ അത് മലയാളത്തിൽ തർജമ ചെയ്തു. കവി കബീർദാസിന്റെ കവിതയാണ് അംഗങ്ങൾക്കു വേണ്ടി മന്ത്രി പഠിപ്പിച്ചത്. കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ഇതരഭാഷാ പഠനപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച ശേഷമാണ് മന്ത്രി കെ.കെ. ശൈലജ തന്റെ പഴയ അധ്യാപക ജീവിതത്തിലേക്ക് തിരിച്ചു നടന്നത്.
ചടങ്ങിൽ പി.കെ. ശ്രീമതി എംപി ഹിന്ദിയിൽ സംസാരിച്ചു. ജില്ലയിൽ 23 പഠനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും 700 ലധികം പേർ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അറിയിച്ചു.
കേരളത്തിലെ എല്ലാ തുറകളിലും അധ്വാനിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ഇന്ത്യയ്ക്കു മാതൃകയായ പരിപാടിയാണ് ഇവിടെ ഉദ്ഘാടനം ചെയ്തിട്ടുള്ളതെന്നും അവർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. പി.കെ. ശ്രീമതി എംപി, കെ. ശോഭ, വി. ചന്ദ്രൻ, കെ.പി. ജയബാലൻ, ഷാജു ജോൺ, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.