ജോണ്സണ് വേങ്ങത്തടം
കോട്ടയം: പാർട്ടിയേയും പാർട്ടി നേതൃത്വത്തെയും പൊതുജന മധ്യത്തിൽ അപമാനിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്റേത് അച്ചടക്ക നടപടി ലഭിക്കാവുന്ന കുറ്റമെന്നു വിലയിരുത്തപ്പെടുന്നു.
പാർട്ടിയുടെ സമീപകാല ചരിത്രത്തിൽ ഒരു ജില്ലാ സെക്രട്ടറിക്കെതിരേയും സിപിഐ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ല.
സിപിഐയുടെ സമ്മേളന കാലത്താണ് ഇടുക്കി ജില്ല സെക്രട്ടറിക്കെതിരേ നോട്ടീസ് നൽകിയതെന്ന പ്രത്യേകതയുണ്ട്. ഇതും ഗൗരവമായി എടുക്കേണ്ട വിഷയമാണ്.
പാർട്ടിയെ പരസ്യമായി വിമർശിച്ച ശിവരാമന് പരസ്യമായി തന്നെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
സിപിഐ നേതൃത്വം കാരണം കാണിക്കൽ നോട്ടീസ് നൽകിയത് എവിടെയും നിഷേധിച്ചിട്ടില്ല.
ഇതു കൂടാതെ വിശദീകരണം നൽകിയതു മാധ്യമങ്ങളിലൂടെ വ്യക്തമാക്കാനും ശിവരാമൻ തയാറായതും പാർട്ടിനേതാക്കൾ ഗൗരവമായിട്ടാണ് കാണുന്നത്. ഇതു അടുത്ത ദിവസം നടക്കുന്ന സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്യും.
ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ ജനയുഗം പത്രം ഗുരുവിനെ നിന്ദിച്ചെന്ന വിമർശനത്തിനാണ് ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമനു സിപിഐയുടെ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഗുരുവിന് അർഹമായ പ്രാധാന്യം കൊടുത്തില്ലെന്നും ഗുരുവിനെ അറിയാത്ത മാനേജ്മെന്റും എഡിറ്റോറിയൽ ബോർഡും ജനയുഗത്തിന് ഭൂഷണമല്ലെന്നുമായിരുന്നു ഫേസ്ബുക്കിലെ വിമർശനം.
പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചീഫ് എഡിറ്റായ ജനയുഗത്തിനെതിരായ വിമർശനം പാർട്ടിയുടെ അച്ചടക്കം ലംഘിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കൽ നോട്ടിസ്.
ശിവരാമന്റെ മറുപടി മറ്റന്നാൾ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് ചർച്ച ചെയ്യും. ശിവരാമന്റെ ഭാഗത്തുനിന്ന് ജാഗ്രത കുറവുണ്ടായി എന്നതാണ് പാർട്ടി നേതാക്കളുടെ വിലയിരുത്തൽ.
എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഇത്രയും സീനിയറായ നേതാവിനു പാർട്ടി സെക്രട്ടറിയോടും പത്രത്തിന്റെ എക്സിക്യൂട്ടീവ് എഡിറ്റർ രാജാജി തോമസിനോടും വ്യക്തിപരമായി പറയാമായിരുന്നു.
അല്ലെങ്കിൽ പാർട്ടി ഫോറങ്ങളിൽ പറയാനുള്ള അവസരമുണ്ടായിരുന്നു. ഇതൊന്നും ഉപയോഗിക്കാതെ പരസ്യമായി വിമർശനം അഴിച്ചുവിട്ടതിലൂടെ പാർട്ടിയെ മാത്രമല്ല, പാർട്ടി നേതാക്കളെയും ലക്ഷ്യം വച്ചുവെന്നാണ് കരുതപ്പെടുന്നത്.
കെ.കെ. ശിവരാമൻ പാർട്ടിയിലെ സീനിയർ നേതാവാണ്. ഇടുക്കിയിൽ പാർട്ടി കെട്ടിപ്പെടുക്കുന്നതിനു നിതാന്ത ജാഗ്രത കാണിച്ച നേതാവുമാണ്.
എന്നാൽ പാർട്ടിക്കുവേണ്ടി ശക്തമായി പ്രവർത്തിക്കുന്ന ഒരു നേതാവിന് ഇത്തരമൊരു പാളിച്ച സംഭവിച്ചതിലാണ് സംശയം ബലപ്പെടുന്നത്.
അടുത്ത എക്സിക്യൂട്ടീവിൽ അദ്ദേഹത്തിന്റെ വിശദീകരണം സംബന്ധിച്ചു പരിശോധിച്ചു നടപടികളിലേക്കു കടക്കുമെന്നറിയുന്നു.