ഗുരുവായൂർ: ചുമർചിത്രകലാ ആചാര്യൻ കെ.കെ.വാരിയർ (84) അന്തരിച്ചു. ഇന്നു രാവിലെ 11.30ന് തൃശൂർ അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നലെ ഉച്ചയോടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 15 വർഷത്തോളമായി ഗുരുവായൂർ തെക്കേനടയിൽ തുളസിനഗറിലെ ചിത്രഗേഹം എന്ന വീട്ടിലായിരുന്നു താമസം.
അരനൂറ്റാണ്ടിലേറെയായി ചുമർചിത്ര രംഗത്ത് സജീവമാണ്. പഴയകാല ക്ഷേത്രങ്ങളിലെ ചുമർചിത്രങ്ങൾ കണ്ടെത്തി സംരക്ഷിച്ചിരുന്നത് കെ.കെ.വാരിയരുടെ നേതൃത്വത്തിലായിരുന്നു. ഇത്തരത്തിലുള്ള 98 ചിത്രങ്ങളാണ് സംരക്ഷിച്ചിട്ടുള്ളത്. 1970ൽ ഗുരുവായൂർ ക്ഷേത്രം അഗ്നിബാധയ്ക്കിരയായശേഷം ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പുനസൃഷ്ടിക്കുന്നതിൽ നേതൃത്വം നൽകിയത് കെ.കെ.വാരിയരായിരുന്നു.
2002ൽ ചുമർചിത്രങ്ങളെ പരിചയപ്പെടുത്തുന്ന ചിത്രസൂത്രം എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിത്രരാമായണം, സ്വാമിവിവേകാനന്ദചരിതം, താന്ത്രികചിത്രങ്ങൾ എന്നിവ പ്രസിദ്ധമാണ്.1934ൽ കണ്ണൂർ മട്ടന്നൂരിലെ നാരായണൻ തങ്ങൾ കല്ലൂരില്ലത്തിന്റെയും മാധവി വാരസ്യാരുടെയും മകനായാണ് ജനനം. തലശേരിയിലെ സി.വി.ബാലൻനായർ എന്ന ഗുരുവിൽനിന്നാണ് ചുമർചിത്രം അഭ്യസിച്ചത്.
ധാരാളം ശിഷ്യ·ാരാണുള്ളത്. കേന്ദ്രീയ വിദ്യാലയത്തിൽ അധ്യാപകനായിരുന്നു ഇദ്ദേഹം.ഭാര്യ: ദാക്ഷായണി വാരസ്യാർ. മക്കൾ: ശശികുമാർ (ഇന്ത്യൻ സ്കൂൾ ഓഫ് ആർട്സ്, കൊച്ചി), താരാ കൃഷ്ണകുമാർ (പ്രിൻസിപ്പൽ, ഭാരതീയ വിദ്യാഭവൻ, ചേവായൂർ), രവികുമാർ (കണ്ണൂർ ബിഎസ്എൻഎൽ അക്കൗണ്ട്സ് ഓഫീസർ). മരുമക്കൾ: ഉഷ, കൃഷ്ണകുമാർ, സുധ. സംസ്കാരം നാളെ ഉച്ചക്ക് 12ന് മട്ടന്നൂരിലെ പൊറോറ ശ്മശാനത്തിൽ.