കോഴിക്കോട്: സിറ്റിപോലീസ് കമീഷണര്‍ ഓഫീസിലെ ജീവനക്കാരിയെ അപമാനിച്ച സംഭവത്തില്‍ ഓഫീസിലെ അക്കൗണ്ട്സ് ഓഫീസർക്കെതിരെ കേസെടുത്തു.
സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോർജിന്റെ നിര്‍ദേശ പ്രകാരം അത്തോളി സ്വദേശിയായ ഗോപാലകൃഷ്ണനെതിരേയാണ് കസബപോലീസ് കേസെടുത്തത്.
ഏഴ് ദിവസത്തിനുള്ളില്‍ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ മാസം 26 ന് ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. താത്കാലികമായി കമീഷണര്‍ ഓഫീസില്‍ നിന്ന് സ്ഥലം മാറ്റിയ ഉദ്യോഗസ്ഥനെ വീണ്ടും അതേ ഓഫീസില്‍ പ്രോമോഷന് നല്കി നിയമിക്കുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച് “രാഷ്ട്ര ദീപിക’ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ജില്ലാ സ്പെഷൽ ബ്രാഞ്ചും ജീവനക്കാരന് തെറ്റുപറ്റിയെന്ന് വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ഒത്തുതീര്‍പ്പിനായിരുന്നു പോലീസിലെ ഒരു വിഭാഗം ശ്രമിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലും ജീവനക്കാരന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് കണ്ടെത്തിയത്. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനോ മറ്റു നിയമനടപടി സ്വീകരിക്കാനോ പോലീസ് തയാറായില്ല.
നിരന്തരസമ്മര്‍ദ്ദത്തെ തുടര്‍ന്ന് പരാതിക്കാരി ഒത്തുതീര്‍പ്പിന്റെ വഴി സ്വീകരിക്കുകയായിരുന്നു. ജീവനക്കാരനെ മറ്റൊരു ഓഫീസിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
എന്നാല്‍ സസ്പെന്റ് ചെയ്തിരുന്നില്ല. ഉദ്യോഗസ്ഥന് മറ്റ് സഹപ്രവര്‍ത്തകരുടെ ഇടയില്‍ യുവതിയെ കുറിച്ച് മോശമായി സംസാരിച്ചതോടെ യുവതി വീണ്ടും ഡിജിപിക്ക് പരാതി സമര്‍പ്പിച്ചു. ഈ പരാതിയിലാണ് നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശിച്ചത്.
2018 ഡിസംബര്‍ മൂന്നിനാണ് മേലുദ്യോഗസ്ഥന് രേഖാമൂലം നാല് പേജുള്ള പരാതിയുമായി യുവതി രംഗത്തെത്തിയത്. തൊഴിലിടത്തിലെ ലൈംഗിക പീഡനത്തിന് എതിരേയായിരുന്നു യുവതിയുടെ പരാതി.
പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനാല്‍ അന്നത്തെ ഡെപ്യൂട്ടി കമ്മിഷണര്‍ കെ.എം. ടോമി സിറ്റി വനിതാസെല്‍ സിഐ ചെയര്‍മാനായ ഇന്റേണല്‍ കംപ്ലെയിന്റ് കമ്മിറ്റിക്ക് പരാതി കൈമാറിയിരുന്നു.
അഭിഭാഷകയുടെ നേതൃത്വത്തില്‍ ഇതുസംബന്ധിച്ച കമ്മിറ്റി യോഗം ചേരുകയും ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.