തേഞ്ഞിപ്പലം: ഒരാഴ്ചക്കിടെ ഉണ്ടായ മൂന്ന് അക്രമങ്ങളിൽ പ്രതികളെ പിടികൂടാനാകാതെ പോലീസ് ഇരുട്ടിൽത്തപ്പുന്നു. ശബരിമലക്ക് പോകാൻ തയാറായി യാത്ര തിരിച്ച കണ്ണൂരിലെ രേഷ്മ നിശാന്ത് അടക്കമുള്ള യുവതികൾക്ക് പത്രസമ്മേളനം നടത്തുവാൻ സൗകര്യം ചെയ്തു കൊടുത്ത കാക്കഞ്ചേരി സ്വദേശിനി അപർണ ശിവകാമിയുടെ വീടിന്ന് നേരെ കല്ലേറുണ്ടാകുകയും കല്ലേറിൽ വീടിന്റെ ഏതാനും ജനൽ ചില്ലുകൾ തകരുകയും ചെയ്തിരുന്നു. ബുധനാഴ്ച രാത്രി രണ്ട് മണിക്ക് ശേഷം ബൈക്കിലെത്തിയ സംഘമാണ് ആക്രമം നടത്തിയിരുന്നത്. ഈ കേസിൽ പ്രതികളെ പിടികൂടിയിട്ടില്ല.
എന്നാൽ ഹർത്താൽ ദിവസം ചെട്ടിയാർ മാട് സ്വദേശി കോഴിശേരി ഹൈദ്രോസിന്റെ കാർ വള്ളിക്കുന്നിൽ വെച്ച് ഹർത്താൽ അനുകൂലികൾ തകർത്തിരുന്നു. ഈ സംഭവത്തിൽ കുറ്റക്കാരെ പിടികൂടാനുണ്ട്. കാർ തകർത്ത സംഭവത്തിൽ പരപ്പനങ്ങാടി പോലീസിൽ പരാതിയുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ചെട്ടിയാർമാട്ടുള്ള വീട്ട് മുറ്റത്ത് നിർത്തിയിട്ട അതെ കാറിന് നേരെ വീണ്ടും ആക്രമണമുണ്ടായിരുന്നു. രാത്രിയിൽ വീടിന്റെ മതിൽ ചാടി കടന്ന് എത്തിയ സംഘം കാറിന്റെ ചില്ലുകൾ തകർക്കുകയായിരുന്നു.
ഈ സംഭവത്തിലും കാറുടമ തേഞ്ഞിപ്പലം പോലീസിൽ പരാതി നൽകിയതനുസരിച്ച് കേസെടുത്തിട്ടുണ്ട്. ഇതിലും പ്രതികളെ പിടികൂടാനായിട്ടില്ല. മുൻ ആർഎസ്എസ് ഭാരവാഹി ഓണത്തറ പുരുഷോത്തമന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിന് നേരെയാണ് ഞായറാഴ്ച്ച പുലർച്ചെ ആക്രമണമുണ്ടായത്. മുൻവശത്തെയും പുറകുവശത്തെയും ഗ്ലാസുകളും നാല് ഡോറിന്റെ ഗ്ലാസ്സുകളും അടിച്ചു തകർത്തിട്ടുണ്ട്.
ഇതിന് പുറമെ ബോണറ്റിലും പുറകുവശത്തും ഡോറിന്റെ ഭാഗത്തും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. ഇതിലും പ്രതികളെ കണ്ടെത്തിയിട്ടില്ല.
തുടർച്ചയായ അക്രമണങ്ങളെത്തുടർന്നു സർവകക്ഷി യോഗം നടത്തി. എസ്ഐ ബിനു തോമസ് വിളിച്ച് ചേർത്ത വിവിധ രാഷ്ട്രീയ പാർട്ടിക്കാരുടെ യോഗത്തിൽ അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാൻ തീരുമാനമായി. അക്രമങ്ങൾ ആവർത്തിക്കുന്നതും പോലീസിന് പ്രതികളെ പിടികൂടാനാകാത്തതും ചർച്ചയായതിനെ തുടർന്നാണ് പോലീസിന്റെ നടപടി.
രാത്രി കാല പെട്രോളിംഗ് ഉൗർജിതമാക്കാനും അസമയത്ത് കാണുന്ന വരെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മദ്യ, മയക്കുമരുന്ന് കച്ചവടം ചെയ്യുന്നവരെ പറ്റിയുള്ള വിവരങ്ങൾ സ്റ്റേഷനിൽ രഹസ്യമായി ലഭ്യമാക്കാനും അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. കൂടാതെ പ്രദേശത്ത് സമാധാനം നിലനിർത്താൻ വേണ്ട നടപടി കൈകൊള്ളാൻ യോഗം പോലീസിനോടാവശ്യപ്പെട്ടു. ഇതിനായുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പോലീസും അറിയിച്ചു.