ചങ്ങരംകുളം: സംസ്ഥാനത്ത് തൊഴിൽക്ഷാമം രൂക്ഷമാകുന്പോഴും ഇവിടെയെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വരവ് കൂടുന്നു. ബീഹാർ, ഒറീസ, ബംഗാൾ, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി നൂറുക്കണക്കിനു തൊഴിലാളികളാണ് ദിനം പ്രതി കേരളത്തിലെത്തുന്നത്.
കെട്ടിട നിർമാണ മേഖലയിൽ മാത്രം ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ഇന്നു കേരളത്തിലെ ഒട്ടുമിക്ക തൊഴിൽ മേഖലയിലും കൈവച്ച് തുടങ്ങിയത് ദിവസക്കൂലിക്ക് പണിയെടുത്ത് ജീവിക്കുന്ന സാധാരണ തൊഴിലാളികളെ ആശങ്കയിലാക്കുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികൾക്ക് താമസവും ഭക്ഷണവും വാഹന സൗകര്യങ്ങളും ഒരുക്കാൻ പ്രത്യേക സംഘങ്ങൾ തന്നെ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്നതായാണ് വിവരം. കമ്മീഷൻ അടിസ്ഥാനത്തിൽ ജോലിക്ക് ആളുകളെ എത്തിക്കുന്ന ഏജന്റുമാരും ഇവരിൽ തന്നെയുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം ഉണ്ടെങ്കിലും ദിനംപ്രതി കേരളത്തിലെത്തുന്ന തൊഴിലാളുകളുടെ നേരായ വിവരങ്ങൾ ശേഖരിക്കാൻ സർക്കാരിനും ഇതു വരെ കഴിഞ്ഞിട്ടില്ല. ഗൾഫിലെ തൊഴിൽ മേഖലയിൽ വന്ന പ്രതിസന്ധി മൂലം തൊഴിൽ നിർത്തി നാട്ടിലേക്ക് തിരിച്ചെത്തുന്ന മലയാളികളുടെ എണ്ണവും കൂടി വന്നതോടെ മലപ്പുറം ജില്ലയിലടക്കം തൊഴിൽ പ്രതിസന്ധി വർധിച്ച് തുടങ്ങി.
രാജ്യത്തെ സാന്പത്തിക പരിഷ്കാരങ്ങളും നിയമങ്ങളും മൂലം കണ്സക്ഷൻ മേഖലയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും വലിയ പ്രതിസന്ധി നേരിടുന്പോഴും ദിവസേനെയുള്ള ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നു വരവ് മലയാളികളായ തൊഴിലാളികളിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
ക്രിമിനൽ പശ്ചാത്തലമുള്ളവരും മറ്റു കുറ്റകൃത്യങ്ങളിൽ ഉൾപെട്ടവരും ജോലിക്കെത്തുന്നവരിൽ ഉൾപ്പെടുന്നതും ആശങ്കക്ക് വകനൽകുന്നു. ക്രിമിനൽ കേസുകൾ അടക്കമുള്ള നിരവധി കേസുകളിൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്നത് വർധിക്കുന്നതായാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ.
കഞ്ചാവടക്കമുള്ള വീര്യം കൂടിയ ലഹരി വസ്തുക്കൾ വ്യാപകമായി മലപ്പുറം ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും എത്തിക്കുന്നതിൽ ഇതരസംസ്ഥാന തൊഴിലാളികൾ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. മലയാളികളായ ഏജന്റുമാരും ഇവർക്ക് കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
അനാശാസ്യ പ്രവൃത്തികളും ഇവർക്കിടയിലുണ്ട്. കഴിഞ്ഞ ദിവസം ഒന്നരകിലോയിലധികം കഞ്ചാവുമായി കുറ്റിപ്പുറം എക്സൈസിന്റെ പിടിയിലായത് വർഷങ്ങളായി പ്രദേശത്ത് ഭാര്യക്കും ഭാര്യാപിതാവിനും ഒപ്പം ഹോട്ടൽ നടത്തുന്ന ബംഗാൾ സ്വദേശിയാണ്. കഴിഞ്ഞ ദിവസം ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി പൊന്നാനിയിൽ പോലീസ് പിടികൂടിയത് മഹാരാഷ്ട്ര സ്വദേശികളായ ദന്പതികളെയാണ്.
സംസ്ഥാനത്ത് തൊഴിൽ ക്ഷാമം രൂക്ഷമാവുന്നതും ദിനം പ്രതി ഇതര സംസ്ഥാനങ്ങളിൽ നിന്നായി തൊഴിലാളികൾ കേരളത്തിലേക്ക് ചേക്കേറുന്നതും മലയാളികളിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.