എടക്കര: വഴിക്കടവ് മുണ്ടയിൽ സദാചാര ഗുണ്ടായിസം, പതിനെട്ട്കാരനായ ബസ് ക്ലീനറെ ബസിൽ നിന്നും വലിച്ചിറക്കി ഒരു സംഘമാളികൾ മർദിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ പോലീസ് പിടിയിലായി. മുണ്ട സ്വദേശികളായ ചിത്രംപള്ളി ഷാജഹാൻ (36), പുലിവെട്ടി മുഹമ്മദ് അർഷക്ക് സിദ്ദീഖ് (21), പൂതംകുറുഞ്ഞി ആഷിഫ് (28) എന്നിവരെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ച് ഇന്നലെ രാവിലെ പത്തോടെ മുണ്ട അങ്ങാടിയിൽ ഇറക്കിയ പതിനെട്ടുകാരനായ ക്ലീനറെ നാട്ടുകാർക്ക് മുന്നിൽ വെച്ചാണ് സംഘം മർദിച്ചത്.
സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരനെ മർദിക്കുന്നത് കണ്ടിട്ടും ബസ് സർവീസ് തുടർന്നതായും നാട്ടുകാർ നോക്കി നിന്നതായും പോലീസ് പറഞ്ഞു. പോലീസ് എത്തിയാണ് യുവാവിനെ സംഘത്തിൽ നിന്നും മോചിപ്പിച്ചത്.
പിന്നീട് യുവാവിനെ പൊലീസ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പിടിയിലായ ഷാജഹാൻ നിരവധി കേസുകളിൽ പിടിയിലായി ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയയാളാണെന്ന് പോലീസ് പറഞ്ഞു.
വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ പി.അബ്ദുൽ ബഷീർ, എസ്ഐ ബി.എസ്.ബിനു, എസ്ഐ ശിവൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.