എംജെ ശ്രീജിത്ത്
തിരുവനന്തപുരം: കോഴിക്കോട് ബേപ്പൂർ ചാലിയം ഭാഗത്ത് വിവിധ സ്ഥലങ്ങളിലായി മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. കോഴിക്കോട് മുക്കം സ്വദേശി ബിർജുവാണ് അറസ്റ്റിലായത്. ഇയാൾ അറസ്റ്റിലായതോടെ മറ്റൊരു കൊലപാതകം കൂടി തെളിഞ്ഞു.
കോഴിക്കോട് സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. ഇസ്മായിലിനെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ ബേപ്പൂരിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. പ്രതിയുടെ അമ്മ ജയവല്ലിയുടെ കൊലപാതകമാണ് അന്വേഷണത്തിനിടെ തെളിഞ്ഞത്. ഇസ്മായിലിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബിർജുവും അമ്മ ജയവല്ലിയും തമ്മിൽ സ്വത്തുക്കൾ സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു.
സ്വത്തുക്കൾ കൈവശപ്പെടുത്താൻ അമ്മയെ കൊല്ലാൻ ബിർജു നിരവധി കേസുകളിലെ പ്രതിയായ ഇസ്മായിലിന് ക്വട്ടേഷൻ കൊടുത്തു. ഇസ്മായിൽ ജയവല്ലിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി. ഈ മരണത്തിൽ അസ്വാഭാവികത അന്ന് തോന്നിയെങ്കിലും കൊലപാതകമാണെന്ന് തെളിഞ്ഞത് ബിർജുവിന്റെ അറസ്റ്റോടെയാണ്.
2017 ജൂണ്‍ 28 നാണ് ഇസ്മായിലിന്റെ ശരീര ഭാഗങ്ങൾ ആദ്യം കണ്ടെത്തിയത്. അതിനു ശേഷം മൂന്നു ദിവസം കഴിഞ്ഞപ്പോൾ ബാക്കിയുള്ള ശരീരഭാഗങ്ങളും കണ്ടെത്തി. ലോക്കൽ പോലീസിന്റെ ആറുമാസത്തെ അന്വേഷണത്തിൽ പുരോഗതി ഇല്ലെന്ന് കണ്ടതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടരവർഷത്തിനു ശേഷം പ്രതിയെ അറസ്റ്റു ചെയ്തതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും. ജയവല്ലിയെ കൊന്നതിന് നൽകേണ്ട ക്വട്ടേഷൻ തുകയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് ഇസ്മായിലിനെ കൊലപ്പെടുത്തിയതെന്നാണ് അറസ്റ്റിലായ പ്രതി ബിർജുവിന്റെ മൊഴി.
പിന്നീട് ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പല സ്ഥലത്തായി ഉപേക്ഷിക്കുകയായിരുന്നു. അമ്മയുടെ പേരിലുള്ള സ്ഥലം 30 ലക്ഷം രൂപയ്ക്ക് വിറ്റ ശേഷം പ്രതിയായ ബിർജു തമിഴ്നാട്- കേരള അതിർത്തിയിൽ വയനാട് ബക്കിക്കടുത്ത് താമസിക്കുകയാണെന്ന വിവരത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതി ബിർജുവാണെന്ന് തെളിഞ്ഞതോടെ അന്വേഷണ സംഘം വാട്സാപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെ അന്വേഷണം നടത്തിയപ്പോൾ തമിഴ്നാട് നീലഗിരി ജില്ലയിലെ മാങ്ങാവായിൽ താമസിക്കുകയാണെന്ന് കണ്ടെത്തി.
ആനയും കടുവയും അടക്കമുള്ള വന്യമൃഗങ്ങൾ അധിവസിക്കുന്നസ്ഥലമാണ് ഇവിടം.അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ ബിർജുവിന്റെ വീട് കണ്ടത്തിയ ശേഷം രഹസ്യമായി ഇയാളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നന്പർ ഫോട്ടോ എടുത്ത ശേഷം ക്രൈം ഡ്രൈവിലൂടെ വാഹനത്തിന്റെ ഉടമസ്ഥൻ ബിർജുവാണെന്ന് കണ്ടെത്തി.
ബൈക്ക് വാടകയ്ക്ക് എടുത്ത് അന്വേഷണ സംഘം അതിരാവിലെ ബിർജുവിന്റെ വീടിന്റെ പരിസരത്ത് ഒളിച്ചിരുന്നെങ്കിലും ബിർജു പോലീസിന്റെ കണ്ണുവെട്ടിച്ച് ടൗണിലേക്ക് പോയി. തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിൽ ട്രാഫിക് കുരുക്കിൽപ്പെട്ടു നിന്ന ബിർജുവിനെ കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
2017 ജൂണ്‍ 28 നാണ് ഇസ്മായിലിന്റെ ശരീര ഭാഗങ്ങൾ ആദ്യം കണ്ടെത്തിയത്. ചാലിയം കടലോരത്ത് നിന്ന് ഇടത് കൈയുടെ ഭാഗമായിരുന്നു ആദ്യം ലഭിച്ചത്. മൂന്നു ദിവസത്തിന് ശേഷം ഇതേ ഭാഗത്ത് നിന്ന് വലതു കൈയും കണ്ടെത്തി. അന്വേഷണം നടക്കുന്നതിനിടെ അഞ്ചു ദിവസത്തിന് ശേഷം ജൂലൈ ആറിന് തിരുവമ്പാടി എസ്റ്റേറ്റ് റോഡില്‍ അരയ്ക്ക് മേല്പോട്ടുള്ള ഭാഗവും കണ്ടെത്തി.
പഞ്ചസാര ചാക്കിലായിരുന്നു ശരീരഭാഗം ഉപേക്ഷിച്ചിരുന്നത്.
ഈ സംഭവത്തില്‍ തിരുവമ്പാടി പോലീസും കേസെടുത്തു. പിന്നീട് അടുത്തമാസം ഓഗസ്റ്റ് 13 ന് ചാലിയത്ത് നിന്ന് തലയോട്ടിയും കണ്ടെടുത്തു. കൈകളും തലയോട്ടിയും കണ്ടെത്തിയ സംഭവത്തില്‍ ബേപ്പൂര്‍ പോലീസാണ് കേസെടുത്തത്. ഒരാളുടെ തന്നെ ശരീരഭാഗങ്ങളാണിതെന്ന് പോലീസ് സംശയിച്ചു.
തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെത്തിയ ശരീര ഭാഗങ്ങള്‍ ഒരാളുടെത് തന്നെയാണെന്ന് കണ്ടെത്തി. 2017 സെപ്തംബര്‍ 16 ന് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടും പോലീസിന് ലഭിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം ആവശ്യമായതിനാല്‍ പിന്നീട് ലോക്കല്‍ പോലീസ് ക്രൈംബ്രാഞ്ചിന് കൈമാറി.