കോഴിക്കോട്: റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ പിടികൂടിയത് ഒരു മാസത്തിനുള്ളില്‍. കാസര്‍ഗോഡ് ഉപ്പള്ള സ്വദേശി മുഹമ്മദ് അന്‍സാറിനെ (26) ആണ് കഴിഞ്ഞ ദിവസം ടൗണ്‍ പോലീസ് അറസ്റ്റുചെയ്തത്.
പയ്യാനക്കല്‍ ചക്കുംകടവ് പൊക്കച്ചിതടി വീട്ടില്‍ സുധീര്‍ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു മാസമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഒടുവില്‍ പാലക്കാട് ഒരു കല്ല്യാണത്തിന് സദ്യവിളമ്പുന്നതിനിടെയാണ് ടൗണ്‍ സിഐ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.
വീട്ടില്‍നിന്നു വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്ന അന്‍സാറിനെ പിടികൂടുകയെന്നത് പോലീസിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത അന്‍സാറിന് ആരുമായും അടുപ്പമുണ്ടായിരുന്നില്ല. ഇതോടെ എവിടെ തേടുമെന്നതായിരുന്നു പോലീസിനെ അലട്ടിയിരുന്നത്.
കൂട്ടുപ്രതിയായ നൗഫലില്‍നിന്ന് അന്‍സാറിന്റെ ഫോട്ടോ പോലീസിന് ലഭിച്ചിരുന്നു. സിഐയുടെ നിര്‍ദേശപ്രകാരം ഈ ഫോട്ടോ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. വാളയാര്‍ എസ്ഐയും സംഘവും അന്‍സാറിനോട് സാമ്യമുള്ള ഒരാള്‍ ഈ ഭാഗത്തുണ്ടെന്ന് ഒരു സൂചന ടൗണ്‍ സിഐയ്ക്ക് നല്കി. തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചു. ഒടുവില്‍ സദ്യവിളമ്പുന്ന സംഘത്തോടൊപ്പം അന്‍സാര്‍ വരുന്നുണ്ടെന്ന വിവരം പോലീസിന് ലഭിച്ചു. വിവാഹം നടക്കുന്ന സ്ഥലത്ത് മഫ്തിയില്‍ വിരുന്നുകാരായി പോലീസും എത്തി.
സദ്യവിളമ്പുന്ന അന്‍സാറിനെ പോലീസ് നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇതൊന്നും അറിയാതെ അന്‍സാര്‍ ജോലിയില്‍ മുഴുകി. ഒടുവില്‍ എല്ലാവര്ക്കും സദ്യവിളമ്പി കഴിഞ്ഞതിനു ശേഷം അന്‍സാറിനെ പോലീസ് പിടികൂടുകയായിരുന്നു. രക്ഷപ്പെടാന്‍ പോലും നോക്കാതെ അന്‍സാര്‍ കീഴടങ്ങുകയായിരുന്നുവെന്നും സിഐ പറഞ്ഞു.
ഇക്കഴിഞ്ഞ നവംബര്‍ 27 നാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്ലാറ്റ്ഫോമിന് എതിര്‍വശത്തുള്ള റെയില്‍വേ ക്വാര്‍ട്ടേഴ്സിലാണ് സുധീര്‍ബാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നൗഫലിനെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്നാണ് അന്‍സാറിന്റെ പങ്ക് വ്യക്തമാവുന്നത്. എന്നാല്‍ അന്‍സാര്‍ ഒളിവില്‍ പോയതിനാല്‍ യാതൊരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല. നവംബര്‍ അഞ്ചിനാണ് അന്‍സാറും നൗഫലും ചേര്‍ന്ന് സുധീറിനെ കൊല്ലപ്പെടുത്തിയത്.
മദ്യപിച്ചതിനുശേഷം മൊബൈലിനെ ചൊല്ലിയുള്ള തര്‍ക്കവും നൗഫലിനെ സുധീര്‍ പ്രകൃതിവിരുദ്ധ ലൈംഗീകബന്ധത്തിന് നിര്ബന്ധിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. വാക്കുതര്‍ക്കത്തിനൊടുവില്‍ സുധീറിന്റെ കൈയും കാലും തല്ലിയൊടിക്കാനായിരുന്നു നൗഫല്‍ കരുതിയത്. എന്നാല്‍ പരിക്ക് ഭേദമായാല്‍ സുധീര്‍ പ്രതികാരം ചെയ്യുമെന്ന് അന്‍സാര്‍ പറയുകയും തുടര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ചും ചവിട്ടിയുമാണ് ഇരുവരും ചേര്‍ന്ന് സുധീറിനെ കൊലപ്പെടുത്തിയത്.
കൊലയ്ക്കുശേഷം മൃതദേഹം റെയില്‍വേ ക്വാര്‍ട്ടേഴ്സിന് പിറകിലേക്ക് മാറ്റുകയും പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മൃതദേഹം മറക്കുകയുമായിരുന്നു. തുടര്‍ന്ന് അന്‍സാര്‍ ഒളിവിലും നൗഫല്‍ വാറണ്ടുള്ള കേസില്‍ കീഴടങ്ങുകയും ചെയ്തു. ഇതിനിടെ സുധീറിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പരാതി നല്്കിയിരുന്നു. ജയില്‍ വാസം കഴിഞ്ഞ് പുറത്തിറങ്ങിയ നൗഫലിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.