നഗരവീഥികളിലെ സുരക്ഷിതത്വത്തിന് സൂര്യനസ്തമിക്കും വരെ മാത്രമാണായുസുള്ളത്. പകല്‍വെളിച്ചത്തില്‍ സംരക്ഷകരായുള്ളവര് ഇരുള് വന്ന് പരക്കും മുമ്പേ തന്നെ തെരുവില്‍ നിന്നകലും. പിന്നെ ഇടക്കിടെ തെളിയുന്ന ഹെഡ്ലൈറ്റ് വെളിച്ചവും തെരുവ് വിളക്കുകളും മാത്രം … കോഴിക്കോടിന്റെ ഓരോ വീഥികള്‍ക്കും പറയാനുള്ളത് രക്തം പുരണ്ട കഥകളാണ്.
അപകടങ്ങളില്‍ പൊലിയുന്ന ജീവനുകള്‍ക്കൊപ്പം ഘാതകനാല്‍ മുറിവേറ്റ് രക്തം വാര്‍ന്ന് പടിഞ്ഞു വീഴുന്ന ജീവനുകളുടെ എണ്ണവും കൂടിവരികയാണ്. ഇടവഴികളിലും ഇടറോഡുകളിലും എപ്പോള്‍ വേണമെങ്കിലും ആരും കൊല്ലപ്പെടാമെന്ന അവസ്ഥ… രക്തത്തില്‍ മുങ്ങിയ മൃതദേഹങ്ങള്‍ കണ്ട് ഭയചിത്തരായവരുടെ നിലവിളികള്‍ കേട്ടാണ് പലപ്പോഴും നഗരമുണരുന്നത്.
മദ്യം കുറഞ്ഞു .. ജീവന് പോയി…
നടുവട്ടം സ്വദേശി രാജന് (70) കൊലചെയ്യപ്പെട്ടത് ഈ മാസം 23 നാണ്. ഗ്ലാസിലൊഴിച്ച മദ്യം കുറഞ്ഞതിന്റെ പേരിലായിരുന്നു രാജന് ജീവന് നഷ്ടമായതെന്നാണ് പോലീസ് പറയുന്നത്. ചിന്താവളപ്പിനും കോട്ടപ്പറമ്പിനും ഇടയിലെ റോഡരികില്‍ അതിരാവിലെയാണ് രാജനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ സ്വാഭാവിക മരണമാണെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്‍.
രാജന് മരിച്ചുകിടന്നതിന് സമീപത്ത് ബലപ്രയോഗത്തിന്റേയോ മറ്റും ലക്ഷണങ്ങളില്ലാത്തതിനാല്‍ പോലീസ് സ്വാഭാവിക മരണമാണെന്ന് കരുതി. എന്നാല്‍ പിന്നീടാണ് വാരിയെല്ല് പൊട്ടി ദേഹത്ത് പരുക്കുകളേറ്റതായി വ്യക്തമായത്. ഇതോടെ സ്വാഭാവിക മരണമെന്ന് കരുതിയ പോലീസ് കൊലപാതകമാണെന്നുറപ്പിച്ചു.
പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചതില്‍ നിന്നു രാജനുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്നും മറ്റും ലഭിച്ച വിവരത്തെ തുടര്‍ന്ന് പ്രതി ഉത്തരേന്ത്യക്കാരനാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിന്റെ കാരണം കേട്ട അന്വേഷണ ഉദ്യോഗസ്ഥരും ഞെട്ടി… രാജനും ഉത്തരേന്ത്യക്കാരനായ സുഹൃത്തും ഒരുമിച്ചിരുന്നു മദ്യപിക്കുകയായിരുന്നു.
മദ്യം ഗ്ലാസിലേക്ക് ഒഴിച്ചത് ഉത്തരേന്ത്യക്കാരനായിരുന്നു. ഒഴിക്കുന്നതിനിടെ രാജന്റെ ഗ്ലാസില്‍ മദ്യം കുറഞ്ഞു. അതിനെ തുടര്‍ന്ന് രണ്ടുപേരും തമ്മില്‍ വഴക്കായി. പിന്നീടത് വാക്കേറ്റത്തിലും കയ്യാങ്കളിയിലുമെത്തി. ഒടുവില്‍ രാജനെ സുഹൃത്ത് തന്നെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം.
ഇനി ആര് ?
ഒന്നര വര്‍ഷത്തിനിടെ രണ്ടാമത്തെ കൊലപാതകമാണ് ഈസ്റ്റ് കോട്ടപ്പറമ്പില്‍ റോഡില്‍ നടക്കുന്നത്. ഇരുവശത്തുമായി നിരവധി കടകളും തിരക്കുമുണ്ടെങ്കിലും രാത്രിയില്‍ ഈ ഭാഗങ്ങളില്‍ ആളുകളുണ്ടാവാറില്ല.
അതിനാല്‍ തന്നെ സാമൂഹ്യവിരുദ്ധരുടേയും ലഹരിമാഫിയയുടേയും വിഹാരകേന്ദ്രമായി ഈ റോഡ് രാത്രിയില്‍ മാറും. കഴിഞ്ഞ ദിവസം രാജന് കൊലചെയ്യപ്പെട്ടത് ഈ റോഡിലാണ്. ഇതിന് മുമ്പും ഈസ്റ്റ് കോട്ടപ്പറമ്പ് റോഡില്‍ കൊലപാതകം നടന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 23 നായിരുന്നു കോട്ടപ്പറമ്പ് ആശുപത്രിക്കു മുന്നിലെ ഈസ്റ്റ് കോട്ടപ്പറമ്പ് സ്വദേശി സിയ (45) യെ ഗുരുതരപരുക്കുകളോടെ ഈസ്റ്റ് കോട്ടപ്പറമ്പ് വട്ടക്കിണറിനു സമീപത്തെ കടയുടെ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. മരണം കൊലപാതകമെന്ന് പോലീസിന് ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. രണ്ട് കൊലപാതകം നടന്ന ഈ റോഡിലൂടെ അസമയത്ത് യാത്രചെയ്യാന്‍ പോലും നഗരവാസികള്ക്കിപ്പോള് ഭയമാണ്.
ട്രാന്‍സ്ജെന്‍ഡറും ഇര
കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ശങ്കുണ്ണിനായര് റോഡിലും കൊലപാതകം നടന്നിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 30 നാണ് കോഴിക്കോട് നഗരത്തില്‍ മൈസൂര്‍ സ്വദേശിയായ ശാലു(40)നെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ സാധാരണ ഒത്തു ചേരുന്ന പ്രദേശമാണിത്. മൈസൂര്‍ സ്വദേശിയെങ്കിലും ഇവര്‍ സ്ഥിരമായി താമസിക്കുന്നത് കണ്ണൂരിലാണ്. കൊലചെയ്യപ്പെടുന്നതിന് തൊട്ടു മുമ്പാണ് ശാലു കോഴിക്കോട്ടെത്തിയത്. നിമിഷനേരം കൊണ്ട് ശാലുവിനെ ഘാതകന് കൊലപ്പെടുത്തുകയായിരുന്നു.
ഘാതകനില്ലാത്ത “കൃത്യങ്ങള്‍ ‘
നഗരഹൃദയങ്ങളിലെ വീഥികളില്‍ രക്തം വാര്‍ന്ന് മരിച്ചവരുടെ കൊലപാതകത്തിന് പിന്നിലുള്ളവര്‍ എവിടെ ? ഒരു വര്‍ഷത്തിനിടെ മരിച്ച സിയയുടേയും ശാലുവിന്റെയും ഘാതകനെ പോലീസിന് ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ശാലുവിന്റെ മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത് നടക്കാവ് പോലീസാണ്.
കേസന്വേഷണത്തിന്റെആദ്യഘട്ടമെന്ന നിലയില്‍ പരിചിതരായവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടാതെ ശാലു മരിച്ച സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. വാക്കു തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകമെന്നാണ് പോലീസിന്റെ നിഗമനം. കഴുത്തില്‍ സാരി കുരുക്കി ശ്വാസം മുട്ടിച്ചാണ് ശാലുവിനെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ മുറിവുകളുമേറ്റിട്ടുണ്ട്. എന്നാല്‍ പ്രതികളാരെന്നത് അവ്യക്തമായിരുന്നു.
മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ദിവസങ്ങളോളം അന്വേഷിച്ചുവെന്നാണ് പോലീസ് പറയുന്നത്. എന്നിട്ടും ഫലമുണ്ടായില്ല. പ്രതിഷേധങ്ങളും ആരോപണങ്ങളും ഉണ്ടാവാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് ഉടനുണ്ടാവുമെന്ന രീതിയില്‍വരെ പ്രചാരണമുണ്ടായി. എന്നാല്‍ അറസ്റ്റുണ്ടായില്ല. സിയയുടെ കൊലപാതകം കസബ പോലീസായിരുന്നു അന്വേഷിച്ചിരുന്നത്. മരിച്ച സ്ഥലവും പരിസരവും കസബ സിഐ ഹരിപ്രസാദ് പരിശോധിച്ചിരുന്നു.
ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും സംഭവസ്ഥലം പരിശോധിച്ചെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. 50 ഓളം പേരെയാണ് സിയ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തത്. പ്രദേശത്തുണ്ടാവാറുള്ള ഇതരസംസ്ഥാന തൊഴിലാളികളേയും സിയയുമായി ബന്ധപ്പെട്ടവരേയും ബന്ധുക്കളേയും വരെ ചോദ്യം ചെയ്തെങ്കിലും ഘാതകനിലേക്കെത്തുന്ന തുമ്പുകള്‍ ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് കേസിപ്പോള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകയാണ്.