പുൽപ്പള്ളി: പട്ടികവർഗ വകുപ്പിന്റേയും കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പിന്േറയും നേതൃത്വത്തിൽ പട്ടിക വർഗത്തിൽപ്പെട്ട ഭിന്നശേഷിയുള്ളവർക്കായി നടത്തിയ മെഡിക്കൽ ക്യാന്പിലെത്തിയ മുഴുവൻ രോഗികളെ ഡോക്ടർമാർ പരിശോധിക്കാൻ തയാറായില്ലെന്ന് പരാതി.
പുൽപ്പള്ളി കൃപാലയ സ്പെഷൽ സ്കൂളിൽ ഇന്നലെ നടന്ന ക്യാന്പിലെത്തിയ ഇരുന്നൂറോളം ആദിവാസികളാണ് പരിശോധന ലഭിക്കാതെ മടങ്ങിയത്. ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു.
രാവിലെ 10ന് പരിശോധന തുടങ്ങുമെന്ന് അറിയിച്ചെങ്കിലും 12 മണിയോടെയാണ് ഡോക്ടർമാർ എത്തിയത്. എന്നാൽ ഒരു മണിക്കൂർമാത്രം പരിശോധന നടത്തി മറ്റ് രോഗികളെ പരിശോധിക്കാൻ തയ്യാറാകാതെ മടങ്ങുകയായിരുന്നു. പട്ടിക വർഗ വകുപ്പ് പ്രമോട്ടർമാരാണ് വിവിധ കോളനികളിൽ നിന്ന് ഭിന്നശേഷിയിലുള്ളവരെ ക്യാന്പിലെത്തിച്ചത്.
എന്നാൽ പരിശോധന നടത്താൻ സാധിക്കാതെ വന്നതോടെ വയോജനങ്ങളടക്കമുള്ള ഭിന്നശേഷിക്കാർ ബുദ്ധിമുട്ടിലായി. ഇതിനെതിരെ പരാതി നൽകിയതിനെ തുടർന്ന് ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൈനാട്ടി താലൂക്ക് ആശുപത്രിയിൽനിന്നുള്ള ഡോക്ടർമാരാണ് പരിശോധനക്കായി എത്തിയത്.
കഴിഞ്ഞ ദിവസം ബത്തേരിയിൽ നടത്തിയ ക്യാന്പിന്റെ ബാക്കിയായാണ് രോഗികളുടെ സൗകര്യാർത്ഥം പുൽപ്പള്ളിയിൽ ക്യാന്പൊരുക്കിയത്. ക്യാന്പിനോടനുബന്ധിച്ച് പോസ്റ്റൽ അക്കൗണ്ട്, ആധാർ എന്നിവ ആദിവാസികൾക്ക് തുടങ്ങാനുള്ള സൗകര്യമൊരുക്കിയിരുന്നു.
വികലാംഗ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭിക്കുന്നതിനായുള്ള പരിശോധനയ്ക്കാണ് ക്യാന്പ് നടത്തിയത്. ആരോഗ്യ വകുപ്പിന്റെ അനാസ്ഥമൂലം നിരവധി രോഗികളാണ് ദുരിതത്തിലായത്. ലീഗൽ സർവീസസ് അഥോറിറ്റിയുടെ സഹകരണത്തോടെയാണ് ക്യാന്പ് നടത്തിയത്. ഡോക്ടർമാരുടെ ഇത്തരം നടപടികൾക്കെതിരേ നിയമ നടപടിയുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് ആദിവാസി സംഘടനകൾ.