മലപ്പുറം: വോട്ടെണ്ണലിന്റെ ഒരോ ഘട്ടത്തിലും ഫലം ജനങ്ങൾക്ക് തത്സമയം ലഭ്യമാകുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചതായി ജില്ലാ കളക്ടർ അമിത് മീണ അറിയിച്ചു. വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർണ്ണതോതിൽ സജ്ജമായി.
ഫലപ്രഖ്യാപനത്തിന്റെ ഓരോ ഘട്ടത്തിലും തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ ഇ-സുവിധ, ട്രെൻഡ് വെബ്സെറ്റുകൾ വഴിയാണ് വിവരങ്ങൾ ലഭ്യമാകുക. ഇതിന്റെ ഒരുക്കങ്ങൾ വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തി ജില്ലാ കളക്ടർ നേരിട്ട് കണ്ട് വിലയിരുത്തുകയും കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കും അസിസ്റ്റന്റ് റിട്ടേണിംഗ് ഉദ്യോഗസ്ഥർക്കുമായി വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ആപ്ലിക്കേഷനുകളിൽ ട്രയൽ റണ് നടത്തി.
നാളെ രാവിലെ ഏഴരയ്ക്കാണ് സ്ട്രോംഗ് റൂമിൽനിന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ വോട്ടിംഗ് യന്ത്രങ്ങൾ ഹാളിലേക്കു മാറ്റുക. രാവിലെ എട്ടിന് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. ചുമതലയുള്ള ഉദ്യോഗസ്ഥരും എആർഒമാരും 6.30ന് തന്നെ കേന്ദ്രത്തിൽ ഹാജരാകണമെന്നും കളക്ടർ ആവശ്യപ്പെട്ടു. രണ്ടു മണ്ഡലത്തിന്റെയും പോസ്റ്റൽ വോട്ടുകൾ മലപ്പുറം ഗവണ്മെന്റ് കോളജിലെ ലൈബ്രറി ഹാളിലാണ് എണ്ണുക.
വോട്ടെണ്ണൽ കേന്ദ്രത്തിൽ ഓരോ മണ്ഡലത്തിലും രണ്ട് ടെക്നിക്കൽ സ്റ്റാഫിന് മാത്രമേ മൊബൈൽ ഫോണ് ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഇവർക്ക് പ്രത്യേകം ഐഡി കാർഡുകൾ നൽകും. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർക്ക് ഫോണ് ഉപയോഗിക്കാൻ അനുവാദമില്ല. ഇവർക്കായി പ്രത്യേകമായി ലാൻഡ് ഫോണ് സൗകര്യം ഒരുക്കിയതായി കലക്ടർ അറിയിച്ചു. ആവശ്യമായ നന്പറുകൾ ഇലക്ഷൻ ഓഫീസിൽ നിന്ന് വെള്ളക്കടലാസിൽ എഴുതി നൽകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ യാതൊരു ഇലക്ട്രോണിക് ഉപകരണങ്ങളും അനുവദനീയമല്ല.
വോട്ടെണ്ണലിന് പ്രത്യേകമായി നൽകിയിട്ടുള്ള ഐഡി കാർഡുള്ളവരെ മാത്രമേ അകത്തേക്ക് കടത്തിവിടുകയുള്ളൂ. കൗണ്ടിംഗ് സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർമാർ, ഇലക്ഷൻ കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ കാർഡുള്ളവർ, ഒബ്സർവർമാർ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ, സ്ഥാനാർഥി/ഇലക്ഷൻ ഏജന്റ്/ കൗണ്ടിംഗ് ഏജന്റ് എന്നിവർക്ക് മാത്രമായിരിക്കും വോട്ടെണ്ണൽ ഹാളുകളിൽ പ്രവേശനമുള്ളത്.
ആഹ്ലാദ പ്രകടനങ്ങളും ആളുകൾ കൂട്ടം കൂടിനിൽക്കുന്നതും കൗണ്ടിംഗ് കേന്ദ്രത്തിന്റെ ഗെയ്റ്റിന് പുറത്തു നിശ്ചിത അകലത്തിൽ മാത്രമേ പാടുള്ളൂവെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ഒരു റൗണ്ടിലെ എല്ലാ ഇവിഎമ്മുകളും എണ്ണി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച ശേഷമേ അടുത്ത റൗണ്ടിലെ ഇവിഎമ്മുകൾ എണ്ണാൻ തുടങ്ങുകയുള്ളൂ.
ഓരോ കണ്ട്രോൾ യൂണിറ്റിലെയും സീലുകൾ (പിങ്ക് പേപ്പർ സീൽ, ഒൗട്ടർ പേപ്പർ സീൽ, സ്പെഷ്യൽടാഗ്, ഗ്രീൻ പേപ്പർ സീൽ) പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയായിരിക്കും അവയിലെ വോട്ടെണ്ണൽ തുടങ്ങുന്നത്. ഓരോ റൗണ്ടും തീർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് തെരഞ്ഞെടുപ്പ് നിരീക്ഷകൻ റാൻഡം ആയി തിരഞ്ഞെടുക്കുന്ന രണ്ട് ഇവിഎംകൾ വീണ്ടും എണ്ണി കൃത്യത ഉറപ്പാക്കും. കൗണ്ടിംഗ് ഹാളിലെ എല്ലാ നടപടിക്രമങ്ങളും വീഡിയോയിൽ പകർത്തും.
വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയശേഷമായിരിക്കും വിവിപാറ്റുകളിലെ പേപ്പർസ്ലിപ്പുകൾ എണ്ണാൻ തുടങ്ങുന്നത്. കൗണ്ടിംഗ് ഹാളിനകത്ത് തന്നെയുള്ള മേശകളിലൊന്ന് വിവി പാറ്റ് കൗണ്ടിംഗ് ബൂത്തായി ക്രമീകരിക്കും.
പേപ്പർ രസീതുകൾ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം വയർ മെഷ് ചെയ്ത രീതിയിൽ സജ്ജമാക്കിയിട്ടുണ്ട്.വോട്ടെണ്ണൽ നടപടികൾക്കുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും ഒരുക്കിയതായും ജില്ലാ പൊലീസ് മേധാവി കെ.പ്രതീഷ് കുമാർ അറിയിച്ചു. 800 സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെയും മലപ്പുറം, പൊന്നാനി, വയനാട് ലോക്സഭാമണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കായി മൂന്ന് കന്പനി ബിഎസ് എഫ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
ആഹ്ലാദപ്രകടനം വൈകിട്ട് ആറുവരെ മാത്രം
പെരിന്തൽമണ്ണ: തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾ വൈകിട്ട് ആറുവരെ മാത്രമേ നടത്താൻ പാടുള്ളൂവെന്ന് സർവകക്ഷിയോഗത്തിൽ തീരുമാനം. പെരിന്തൽമണ്ണ സിഐ എം.പി.രാജേഷിന്റെ അധ്യക്ഷതയിൽ പ്രമുഖ രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. ആഹ്ലാദ പ്രകടനങ്ങളുടെ സ്ഥലം സമയം എന്നിവ മുൻകൂട്ടി പോലീസിനെ അറിയിക്കണം.
ഇരുചക്രവാഹനങ്ങൾ നിയമപരമല്ലാതെയും സൈലൻസർ മാറ്റിവച്ചും പൊതുജനത്തിന് ശല്യമുണ്ടാക്കും വിധം ഓടിക്കാൻ പാടില്ല. തുറന്ന വാഹനങ്ങൾ അനുമതിയില്ലാതെ പ്രകടനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല. റോഡ് മുഴുവനായി തടസപ്പെടുത്തി പ്രകടനം നടത്തരുത്. ഇവക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനാണ് ഇന്നലെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിൽ യോഗം ചേർന്നത്.