നാദാപുരം: ഇലക്ട്രിസിറ്റി കാഷ് കൗണ്ടറിലെ ജീവനക്കാരുടെ എണ്ണം കുറച്ചതിനാൽ പണമടക്കാനാവാതെ ഉപഭോക്താതാക്കൾ കുഴങ്ങുന്നു. മലയോര മേഖലയായ വാണിമേൽ പരപ്പുപാറ ഇലക്ട്രിസിറ്റി ഓഫീസിലാണ് ഈ ദുരിതം. വരി നിൽക്കാൻ പോലും വേണ്ടത്ര ഇടമില്ലാത്ത ക്യാഷ് കൗണ്ടറിന് മുന്നിൽ ഉപഭോക്താക്കളെ മണിക്കൂറുകളോളം വരിയിൽ നിർത്തി പണം സ്വീകരിക്കുന്നത്. കാഷ് കൗണ്ടറിലെ ജീവനക്കാരുടെ എണ്ണം കുറച്ചതാണ് ഉപഭോക്താക്കൾക്ക് വിനയായത്.
കഴിഞ്ഞ മാസം വരെ രാവിലെ എട്ട് മണി മുതൽ വൈകിട്ട് ഏഴ് മണി വരെ പണമടക്കാൻ കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ പണം സ്വീകരിക്കുന്ന സമയം ഒന്പത് മണി മുതൽ നാല് മണി വരെയാക്കി വെട്ടിക്കുറച്ചതോടെ കൗണ്ടറിന് മുന്നിൽ തിക്കും തിരക്കും അനുഭവപ്പെടുകയാണ്. മലമുകളിലും ആദിവാസികളും ഏറെയുള്ള പ്രദേശത്ത് ഓൺലൈനിൽ പണമടക്കാനുള്ള സൗകര്യമുണ്ടെന്ന വിചിത്ര വാദമാണ് പരാതി പറയുന്നവരോട് അധികൃതർ മറുപടിയായി നൽകുന്നത്.
ഇലക്ട്രിസിറ്റി ആപ്പ് ഉപയോഗിച്ച് പണമടക്കാൻ പറയുന്ന ഉപഭോക്താക്കളിൽ പലർക്കും അടിസ്ഥാന സൗകര്യങ്ങൾ പോലും വേണ്ടത്ര ലഭ്യമാവത്തവരാണ്.നെറ്റും ഇ ബാങ്കിംഗ് സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ഇവർ പണമടക്കാൻ ക്യാഷ് കൗണ്ടറിൽ നേരിട്ടെത്തുന്നത്. രണ്ടും മൂന്നും ദിവസം പണമടക്കാൻ വേണ്ടി വന്നു മടങ്ങുന്നവരോടാണ് ഓൺലൈൻ സൗകര്യം ഉപയോഗപ്പെടുത്താൻ അധികൃതർ നിർദ്ദേശിക്കുന്നത്.
നേരത്തെ കൗണ്ടറിൽ വേണ്ടത്ര ജീവനക്കാരുള്ളപ്പോൾ തിക്കും തിരക്കുമില്ലാതെ എല്ലാ ഉപഭോക്താക്കൾക്കും പണമടക്കാൻ കഴിഞിരുന്നു. ഓൺലൈൻ സംവിധാനത്തിന്റെ മറവിൽ ക്യാഷ് കൗണ്ടർ ജീവനക്കാരെ ഒഴിവാക്കിയതിനാൽ പത്ത് കിലോമീറ്റർ അകലെയുള്ള മലയോരവാസികൾ പലരും പരപ്പുപാറ ഇലക്ട്രിസിറ്റി ഒഫീസിനു മുന്നിലെ വരിയിൽ ഏറെ നേരം നിൽക്കേണ്ടി വരികയാണ്.
ജീവനക്കാരെ വെട്ടിക്കുറച്ച് ഉപഭോക്താക്കളെ പ്രയാസപ്പെടുത്തുന്ന അധികൃതരുടെ സമീപനം ശരിയല്ലെന്നും നേരത്തെ നൽകിയ അധിക സമയം ഉപഭോക്താക്കൾക്ക് നൽകണമെന്നും ഇതിനായി മേലധികാരികളെ സമീപിക്കുമെന്നും ഉപഭോക്താക്കൾ പറഞ്ഞു.