വടകര: പൗരത്വം മതാതീതമായി വേണമെന്ന ഭരണഘടനാ തത്വത്തിനെതിരേ കൊണ്ടുവന്ന നിയമ ഭേദഗതിക്കെതിരെ വടകരയുടെ രോഷമിരമ്പി. നഗരസഭയുടെ നേതൃത്വത്തില്‍ നഗരത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്ന റാലി പുതിയ സഹരകാഹളമായി. രാഷ്ട്രീയ-മത വ്യത്യാസമില്ലാതെ നടന്ന റാലി വടകരയുടെ വമ്പന്‍ പ്രതിഷേധമായി.
ഇടതുപക്ഷ പാര്‍ട്ടികളോടൊപ്പം മുസ്ലിംലീഗ് നേതാക്കളും അണികളും കൈകോര്‍ത്തത് ഈരംഗത്ത് പുതിയ ചുവടുവയ്പ്പായി. ധാരാളം സ്ത്രീകളും കുട്ടികളും പ്രതിഷേധ പരിപാടിയില്‍ അണിചേര്‍ന്നു. പുതിയ സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി നഗരപിതാവ് കെ.ശ്രീധരന് നയിച്ചു. ഇതാദ്യമായാണ് സിപിഎമ്മിനോടൊപ്പം ലീഗിന്റെ നേതാക്കളും അണികളും ഒരുപോലെ പടയണി ചേര്‍ന്ന് രംഗത്തെത്തിയത്. നഗരം ചുറ്റി മുന്നേറിയ റാലി കോട്ടപ്പറമ്പില്‍ സമാപിച്ചു.
കോട്ടപ്പറമ്പിലെ സമ്മേളനനഗരി ജനപ്രളയത്തില്‍ മുങ്ങി. തുടര്‍ന്നു നടന്ന പ്രതിഷേധ സംഗമം മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ.ദീപിക സിംഗ് രജാവത്ത് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ നയിക്കുകയും ഒരുമിച്ചു കാണുകയും ചെയ്യുന്നവരാണ് നേതാക്കള്‍.
ആ നിലക്ക് മോദിയും അമിത്ഷായും നേതക്കന്മാരല്ലെന്ന് ദീപിക സിംഗ് പറഞ്ഞു. ഇന്ത്യ ഓരോ ഇന്ത്യക്കാരന്റേതുമാണ്. അത് മതത്തിന്റെയും ജാതിയുടെയും പേരില്‍ വെട്ടിമുറിക്കാന്‍ അനുവദിക്കില്ലെന്നതിന്റെ തെളിവാണ് രാജ്യത്താകമാനം ഏകോദര സഹോദരങ്ങളെപോലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരത്തിനിറങ്ങിയത്.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ ജനം അംഗീകരിക്കില്ല. ഇത് ഭരണഘടന നമുക്ക് നല്കുന്ന അവകാശങ്ങള്‍ക്കുവേണ്ടിയുള്ള സമരമാണ്. ഇത് നമ്മള് നേടിയെടുക്കുകതന്നെ ചെയ്യുമെന്നും അവര്‍ പറഞ്ഞു.
സംഘാടകസമിതി ചെയര്മാന് കെ.ശ്രീധരന് അധ്യക്ഷത വഹിച്ചു. ഷിബു മീരാന്‍, കെ.ടി.കുഞ്ഞിക്കണ്ണന്, അജയ് ആവള, എന്‍.വേണു, എടയത്ത് ശ്രീധരന്, ടി.വി ബാലകൃഷ്ണന്, സി.രാധാകൃഷ്ണന്, സി.കെ.കരീം, എം.പി. അബ്ദുള്‍ കരീം എന്നിവര്‍ പ്രസംഗിച്ചു. ഫാത്തിമത്തുല്‍ ഷഫ്ന ദീപിക സിംഗിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി.