നിലന്പൂർ: ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന് ചാലിയാർ സർവീസ് ബാങ്ക് സൗജന്യമായി നൽകിയ ആംബുലൻസ് 15 ദിവസം കഴിഞ്ഞിട്ടും സർവീസ് തുടങ്ങിയില്ല.
താത്കാലിക ഡ്രൈവറെ നിയമിക്കുന്നതിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി (എച്ച്എംസി) കാണിക്കുന്ന അലംഭാവമാണ് സർവീസ് ആരംഭിക്കുന്നതിന് തടസമാകുന്നത്.
ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസി കോളനികളുള്ള ചാലിയാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കു ചാലിയാർ സർവീസ് സഹകരണ ബാങ്ക് 12.50 ലക്ഷം രൂപ ചെലവഴിച്ച് ആംബുലൻസ് വാങ്ങി സൗജന്യമായി നൽകിയിരുന്നു.
ഡിസംബർ 14 ന് ഏറനാട് എംഎൽഎ പി.കെ. ബഷീറിന്റെ സാന്നിധ്യത്തിൽ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരന് താക്കോൽ കൈമാറുകയും ചെയ്തു.
എന്നാൽ എച്ച്എംസി ചേർന്ന് ഒരു ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ കണ്ടെത്താത്തതാണ് ആംബുലൻസ് ആശുപത്രിയുടെ പിറകുവശത്ത് മഴയും വെയിലുമേറ്റ് കിടക്കാൻ കാരണം.
കഴിഞ്ഞ ദിവസം കോളനി ആവശ്യത്തിനു കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ആശ്രയിച്ചത് ഡിവൈഎഫ്ഐയുടെ ആംബുലൻസ് സർവീസിനെയാണ്.
ഡ്രൈവർ നിയമനത്തിൽ ചിലർക്കുള്ള വ്യക്തിതാത്പര്യമാണ് എച്ച്എംസി ചേരാൻ വൈകുന്നതെന്നാണ് സൂചന. ആംബുലൻസ് കൈമാറ്റ ദിവസം തന്നെ ഇതു കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് പി.കെ. ബഷീർ എംഎൽഎ പറഞ്ഞിരുന്നു.