കോഴിക്കോട്: പന്നിയങ്കര മേഖലയില്‍ രാത്രിയില്‍ അലയുന്ന അജ്ഞാത രൂപത്തെ കണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് പരിശോധന ഊര്‍ജിതമാക്കി.
പന്നിയങ്കര, പയ്യാനക്കല്‍, കണ്ണഞ്ചേരി, മാത്തോട്ടം എന്നിവിടങ്ങളിലാണ് ഏതാനും ദിവസങ്ങളായി രാത്രിയില്‍ അജ്ഞാത രൂപം പ്രത്യക്ഷപ്പെടുന്നത്.
പയ്യാനക്കല്‍ പ്രദേശത്തെ ഒട്ടിയമ്പലംപറമ്പ്, കോഴിക്കല്‍ തൊടി, ചെറിയ കനാല്‍ വയല്‍, ചൂരല്‍ കൊടിവയല്, പട്ടര്‍തൊടി, തളയടത്ത കാവ് എന്നീ സ്ഥലങ്ങളിലും രാത്രികാലങ്ങളില്‍ അജ്ഞാതരൂപങ്ങള് പ്രത്യക്ഷപ്പെടുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. മാസങ്ങളായി തെരവുവിളക്കുകള് അണഞ്ഞുകിടക്കുന്ന ഈ മേഖലയില്‍ ജനങ്ങള്‍ ഭീതിയോടെയാണ് രാത്രികാലങ്ങളില്‍ കഴിയുന്നത്.
വീടിന്റെ ജനലുകളിലും അടുക്കളവാതിലിലും മുട്ടുകയും വീട്ടുകാര്‍ ലൈറ്റിടുമ്പോഴേക്കും ഓടി മറിയുകയുമാണ് ചെയ്യുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് രാത്രിയില്‍ പോലീസ് പരിശോധന ഈ മേഖലകളില്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പന്നിയങ്കര ഇന്‍സ്പക്ടര്‍ വി.രമേശന് പറഞ്ഞു.
മോഷ്ടാക്കളാവാനുള്ള സാധ്യത കുറവാണ്. ആളുകളുടെ മുഖത്തേക്ക് ടോര്‍ച്ചടിക്കുകയും മറ്റും ചെയ്യുന്നത് മോഷ്ടാക്കളുടെ രീതിയല്ല. മോഷണത്തിനാണെങ്കില് വീട്ടുകാര്‍ അറിയാത്ത രീതിയിലാണ് പെരുമാറുക. എന്നാല്‍ ഇവിടെ ഇത്തരത്തിലുള്ള രീതിയല്ല സ്വീകരിച്ചത്.
പകരം വീട്ടുകാരെ വിളിച്ചുണര്‍ത്തുന്ന രീതിയാണെന്നും അതിനാല്‍ മോഷണമല്ല ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതെ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നവരാവാനുള്ള സാധ്യതയും ഉണ്ട്.
നേരത്തെ ബേപ്പൂര്‍, നല്ലളം, മാറാട് മേഖലകളിലും സമാനമായ രീതിയില്‍ ആളുകളെ കാണ്ടിരുന്നതായി പരാതികളുണ്ടെന്നും പന്നിയങ്കര പോലീസ് അറിയിച്ചു. അജ്ഞാത രൂപം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ തന്നെ വിവരം അറിയിക്കണമെന്ന് നാട്ടുകാര്‍ക്ക് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രദേശവാസികളുടെ ഭീതിയകറ്റാന്‍ കോര്പറേഷന് തെരുവുവിളക്കുകള്‍ കത്തിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും പയ്യാനക്കല്‍ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു
. കോര്പറേഷന് അധികൃതര്‍ , സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെടണമെന്ന് മുന്‍ കൗണ്‍സിലര്‍ പി.വി.അവറാന്, കെ.മുഹമ്മദ് ഹാരിസ്, എന്നിവര്‍ ആവശ്യപ്പെട്ടു.