കോഴിക്കോട്: ഇന്ധനവിലയേക്കാൾ നികുതി വർധിപ്പിച്ച് പൊതുജനങ്ങളെ ദുരിതത്തിലാക്കി ആനന്ദം കണ്ടെത്തുന്നവരാണ് കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് നിയമസഭാ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ ആരോപിച്ചു.
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റി മുതലക്കുളത്ത് ഇന്ധന വിലവർധനക്കെതിരെ വാഹനങ്ങൾ കെട്ടി തൂക്കി നടത്തിയ വാഹനങ്ങളുടെ കൂട്ട ആത്മഹത്യ സമര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുനീർ.
ഇന്ത്യയിൽ നിന്ന് ഇന്ധനം വാങ്ങുന്ന നേപ്പാളിൽ 65 രൂപക്ക് വില്പന നടത്തുന്ന പെട്രോൾ വാങ്ങാൻ ഇന്ത്യക്കാർ നേപ്പാളിൽ പോകേണ്ടി വരുന്നത് ഭരണാധികാരികൾക്ക് അപമാനമാണെന്നും മുനീർ പറഞ്ഞു. പ്രസിഡന്റ് എസ്.വി. ഉസ്മാൻ കോയ അധ്യക്ഷത വഹിച്ചു.
മുസ് ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ കെ. മൊയ്തീൻകോയ, എ.ടി. മൊയ്തീൻകോയ, എം.എ. നിസാർ, പി.ടി. ആലി പി.സക്കീർ എന്നിവർ പ്രസംഗിച്ചു.